ഭൂകമ്പത്തിന് മുന്നിൽ വിറങ്ങലിച്ച് നേപ്പാൾ...നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ...റിക്ടർ സ്കെയിലിൽ 6.4 തീവ്രത..നേപ്പാളിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങളെല്ലാം ഈ പ്രദേശത്തിന് ചുറ്റുമാണ്... ജനങ്ങൾ ജാഗ്രത പാലിക്കണം..മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ...

മാസങ്ങൾക്കിപ്പുറം മറ്റൊരു ഭൂകമ്പത്തിന് മുന്നിൽകൂടി വിറങ്ങലിച്ച് നിൽക്കുകയാണ് നേപ്പാൾ. വെള്ളിയാഴ്ച രാത്രി 11.32-ഓടെയുണ്ടായ ഭൂചലത്തിൽ ഇതിനോടകം നൂറിലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. പലരും കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഡൽഹിയിലും ബിഹാറിലും ഉത്തർപ്രദേശിലും പ്രകമ്പനമുണ്ടായതായും റിപ്പോർട്ടുകളുണ്ട്.നേപ്പാളിൽ ഇന്നലെ രാത്രി ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ലോകത്ത് അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്റ്റോണിക് സോണുകളിൽ ഒന്നാണ് നേപ്പാൾ. നേപ്പാളിലെ സെൻട്രൽ ബെൽറ്റ് അതിശക്തമായി ഊർജ്ജം പുറത്ത് വിടുന്ന മേഖലയായി കണ്ടെത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സജ്ജരായിരിക്കണമെന്നും വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജിയിലെ മുൻ സീസ്‌മോളജിസ്റ്റ് അജയ് പോൾ പറയുന്നു.നേപ്പാളിലെ ഡോട്ടി ജില്ലയോട് ചേർന്നുള്ള പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായി കണ്ടെത്തിയിരിക്കുന്നത്. തുടർച്ചയായി ഭൂകമ്പങ്ങൾ ഉണ്ടാകുന്നു എന്നതാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. കഴിഞ്ഞ മാസം മൂന്നാം തിയതി നേപ്പാളിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങളെല്ലാം ഈ പ്രദേശത്തിന് ചുറ്റുമാണ്.കഴിഞ്ഞ വർഷം നവംബറിൽ ഇവിടെ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായിരുന്നു. ആറ് പേരാണ് അന്ന് അപകടത്തിൽ മരിച്ചത്.ഏത് സമയവും ഭൂചലനം ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളാണ് ഹിമാലയൻ മേഖലയിലുള്ളതെന്ന് നിരവധി ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിലൊരു ഭൂചലനം എപ്പോഴുണ്ടാകും എന്ന് കൃത്യമായി പ്രവചിക്കുക സാധ്യമല്ല.
കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ പ്ലേറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് നീങ്ങുകയും, വടക്ക് ഭാഗത്തുള്ള യൂറോപ്യൻ പ്ലേറ്റുമായി ചേർന്ന് ഹിമാലയം രൂപപ്പെട്ടു എന്നുമാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇന്ത്യൻ പ്ലേറ്റ് കൂടുതൽ മുന്നോട്ട് നീങ്ങാനായി യൂറോപ്യൻ പ്ലേറ്റിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഇത്തരം സമ്മർദ്ദങ്ങൾ ഭൂചലനത്തിനും വഴിവയ്‌ക്കുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ഭൂകമ്പ ദുരന്തങ്ങളുടെ സ്ഥിരം ഇരകളാണ് നേപ്പാൾ ജനത. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934-ലാണ് നേപ്പാളിനെ പിടിച്ചുലച്ചത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകര്‍ത്തിരുന്നു. 10,000-ൽ അധികം പേർ അന്ന് മരിച്ചതായാണ് കണക്ക്. ഇതിന് പിന്നാലെ നിരവധി ഭൂകമ്പ ദുരന്തങ്ങൾ നേപ്പാളിലുണ്ടായി. 1966, 80, 88 തുടങ്ങിയ വർഷങ്ങളിലും അന്നാട്ടിലെ ജനങ്ങൾ ഭൂകമ്പം മൂലമുണ്ടാകുന്ന ദുരിതംപേറി. 1000-ൽ അധികം പേർക്ക് ജീവൻ നഷ്ടമായി.
2011 സെപ്റ്റംബര്‍ 18-നും നേപ്പാളിൽ ഭൂകമ്പം നാശംവിതച്ചു. 6.9 തീവ്രതയിലുണ്ടായ ഭൂചലനത്തിൽ നേപ്പാളിലും ഇന്ത്യയിലുമായി അന്ന് 16 പേര്‍ മരിച്ചു. ഇതിന് മുമ്പും ശേഷവും രാജ്യത്ത് നിരവധി ചെറുചലങ്ങളുണ്ടായിട്ടുണ്ട്. ഇവയിലെല്ലാം കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം നേപ്പാളിലുണ്ടായിട്ടുണ്ടെങ്കിലും ആളപായമുണ്ടായിരുന്നില്ല.എന്നാൽ, 1934-ന് സമാനമായിരുന്നു 2015-ലെ നേപ്പാൾ ദുരന്തം. 80 വര്‍ഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമായിരുന്നു അത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അന്ന് രേഖപ്പെടുന്നതിയത്. അതിശക്തമായ ഭൂകമ്പത്തിൽ 8,964 പേരാണ് കൊല്ലപ്പെട്ടത്. 22,000-ൽ അധികം പേര്‍ക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് വീടുകള്‍ തകര്‍ന്നു. പതിനായിരങ്ങള്‍ പാര്‍പ്പിടമില്ലാത്തവരായി. ഈഭൂകമ്പത്തിൽ ഇന്ത്യയിലും 75 പേർ മരിച്ചതായാണ് സർക്കാർ കണക്കുകൾ. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ബംഗ്ലാദേശിലുമടക്കം അന്ന് പ്രകമ്പനമുണ്ടായി.
https://www.facebook.com/Malayalivartha



























