ഇസ്രായേല്‍ - ഗാസ യുദ്ധം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ്...

28 ദിവസമായി തുടരുന്ന ഇസ്രായേല്‍ - ഗാസ യുദ്ധത്തിന്റെ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദ്. പശ്ചിമേഷ്യന്‍ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ഭീകരവാദം, സുരക്ഷാ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങളിലായിരുന്നു ഫോണിലൂടെ ചര്‍ച്ച നടന്നത്. നരേന്ദ്രമോദി ഇത് സംബന്ധിച്ച കുറിപ്പ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചു. യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയിദുമായി പശ്ചിമേഷ്യയിലെ സാഹചര്യത്തെക്കുറിച്ച് ആശയവിനിമയം നടത്തിയതായും മേഖലയിലെ ഭീകരവാദം, സുരക്ഷാ സാഹചര്യങ്ങള്‍, സാധാരണക്കാരുടെ വിയോഗം എന്നിവയില്‍ ആഴത്തിലുള്ള ചര്‍ച്ചകള്‍ നടന്നതായും പ്രധാനമന്ത്രി പോസ്റ്റില്‍ പറഞ്ഞു.
സുരക്ഷയും മാനുഷിക സാഹചര്യവും കണക്കിലെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ശാശ്വതമായ സമാധാനവും, സുരക്ഷയും, സ്ഥിരതയുടെയും ആവശ്യകത ഇരുനേതാക്കളും അംഗികരിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ 7ന് നടന്ന ആക്രമണം ഏകപക്ഷീയമായി ഹമാസ് നടത്തുകയായിരുന്നു എന്ന് പ്രധാനമന്ത്രി ആദ്യ അവസരത്തില്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ യുഎന്നിലും ഇന്ത്യ നിലപാട് വ്യക്തമാക്കിയിരുന്നു. പാലസ്തീനിലെ സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുമ്പോഴും, ഹമാസ് നടത്തിയ ആക്രമണത്തെ അതിശക്തമായാണ് ഇന്ത്യ അപലപിച്ചത്.
ഇസ്രയേല്‍- ഹമാസ് യുദ്ധം അവസാനിക്കാന്‍ ഇന്ത്യയുടെ അടിയന്തര ഇടപെടലിനാവുമെന്ന് പ്രതികരിച്ച് ഇറാന്‍ അംബാസഡര്‍ ഇറാജ് ഇലാഹിയും രംഗത്ത് എത്തിയിരുന്നു. ന്യൂസ് ഏജന്‍സിയായ എ.എന്‍.ഐയുമായുള്ള അഭിമുഖത്തിലാണ് തെക്കേ ഏഷ്യയുടെ ശബ്ദമായ ഇന്ത്യ സമാധാന ശ്രമം നടത്തിയാല്‍ നിരപരാധികളായ ആയിരങ്ങളുടെ കൂട്ടക്കൊലയ്ക്ക് അവസാനമുണ്ടാകുമെന്ന് ഇറാന്‍ പ്രതീക്ഷ പ്രകടിപ്പിച്ചത്. കൂട്ടക്കൊല തുടരുമ്പോള്‍ ഇന്ത്യ കണ്ണുംപൂട്ടി ഇരിക്കില്ലെന്ന് ഇറാന്‍ കരുതുന്നു.
ഇസ്രയേലിനെ പിന്തിരിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും ഇലാഹി പ്രതികരിച്ചു. അതിനിടെ ഹമാസിന്റെ സൈനിക ശേഷി ഇല്ലാതാക്കാനുള്ള ദൗത്യത്തില്‍ ഐഡിഎഫ് മുന്നേറുകയാണ്. ഗാസ സിറ്റിയെ പൂര്‍ണമായി സൈന്യം വളഞ്ഞിട്ടുണ്ട്. ഒറ്റരാത്രികൊണ്ട്, ഗ്രനേഡുകള്‍, സ്‌ഫോടക വസ്തുക്കള്‍, സംരക്ഷണ ഉപകരണങ്ങള്‍, ആശയവിനിമയ ഉപകരണങ്ങള്‍, ഭൂപടങ്ങള്‍ എന്നിവ അടങ്ങിയ ഭീകര കേന്ദ്രങ്ങള്‍ ബറ്റാലിയന്‍ 7107, കവചിത സേന, നഹല്‍ ബ്രിഗേഡ്, നെഗേവ് ബ്രിഗേഡ് എന്നിവയില്‍ നിന്നുള്ള കോംബാറ്റ് എഞ്ചിനീയര്‍മാരുടെ സഹകരണത്തോടെ യഹലോം യൂണിറ്റിലെ സൈനികര്‍ പിടിച്ചെടുത്തു.
ഈ സ്ഥലങ്ങളിലെ ഭീകരരെ കൊലപ്പെടുത്തി. ഹമാസിന്റെ ഭീകര തുരങ്കങ്ങളിലെ ദൃശ്യങ്ങളും പുറത്ത് വിട്ടു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവും, ഇസ്രായേല്‍ തള്ളിയിരുന്നു. അല്‍ ശിഫ ആശുപത്രിക്കും പരിക്കേറ്റവരെ കൊണ്ടു പോകുന്ന ആംബുലന്‍സുകള്‍ക്കും നേരെയും ഇന്നലെ നടന്ന ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്.
ഗാസയില്‍ ആക്രമണം തുടര്‍ന്നാല്‍ ലബനാനിലും യെമനിലും പുതിയ യുദ്ധമുഖങ്ങള്‍ തുറക്കാന്‍ മടിക്കില്ലെന്ന് ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ല മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം പുനഃപരിശോധിക്കണമെന്ന് ഇസ്രായേലിനോട് നിര്‍ദേശിച്ചതായി അമേരിക്ക അറിയിച്ചു.
ബന്ദികളെ വിട്ടുകിട്ടാതെ താല്‍ക്കാലിക വെടിനിര്‍ത്തലിന് തയാറല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനു മുമ്പാകെ വ്യക്തമാക്കിയ ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ 60 പേര്‍ക്ക് പരിക്കുണ്ട്. പതിനഞ്ച് പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രിയുടെ മുന്‍ഭാഗത്താണ് മിസൈല്‍ പതിച്ചത്.
യുദ്ധത്തില്‍ പരിക്കേറ്റവരുമായി പോവുകയായിരുന്ന ആംബുലന്‍സുകള്‍ക്ക് നേരെയും സൈന്യം ബോംബാക്രമണം നടത്തി. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നത്. ഹമാസ് പോരാളികളാണ് ആംബുലന്‍സില്‍ ഉണ്ടായിരുന്നതെന്ന ഇസ്രായേല്‍ സൈന്യത്തിന്റെ വാദം ആരോഗ്യ മന്ത്രാലയം തള്ളി. പ്രാദേശിക സമയം വൈകീട്ട് 4.05ഓടെയാണ് ആക്രമണമുണ്ടായതെന്ന് റെഡ് ക്രസന്റ് അറിയിച്ചു. റഫ അതിര്‍ത്തിയിലേക്ക് നീങ്ങുകയായിരുന്ന അഞ്ച് ആംബുലന്‍സുകളടങ്ങിയ കോണ്‍വോയ്ക്ക് നേരെയായിരുന്നു ആക്രമണം. ഇതില്‍ നാല് ആംബുലന്‍സുകള്‍ ഫലസ്തീന്‍ ആരോഗ്യമന്ത്രാലയത്തിന്റേതും ഒരെണ്ണം റെഡ് ക്രസന്റിന്റേതുമാണ്.
https://www.facebook.com/Malayalivartha



























