ബസില്‍ അപകടകരമായി യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ബിജെപി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍

ചെന്നൈയില്‍ ബസില്‍ അപകടകരമായി യാത്ര ചെയ്ത വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച ബിജെപി നേതാവും നടിയുമായ രഞ്ജന നാച്ചിയാര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികളെ ശാസിക്കുകയും മര്‍ദ്ദിക്കുകയും 'പട്ടികള്‍' എന്ന് വിളിക്കുകയും ചെയ്തതിനാണ് രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായവീഡിയോയില്‍, വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ ബസിന്റെ ചവുട്ട് പടിയില്‍ തൂങ്ങി യാത്ര ചെയ്യുന്നത് കാണാമായിരുന്നു. ഇതുവഴി കാറില്‍ കടന്നുപോകുകയായിരുന്ന ബിജെപി നേതാവ് വിദ്യാര്‍ത്ഥികള്‍ ബസില്‍ തൂങ്ങി യാത്ര ചെയ്യുന്നത് കണ്ടതോടെ ഇടപെടുകയായിരുന്നു.
ബസ് തടഞ്ഞ അവര്‍ ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് ചവുട്ട് പടിയില്‍ യാത്ര ചെയ്യുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഇവര്‍ ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.
ചവുട്ട് പടിയില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ അവര്‍ ശാസിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. ബസില്‍ നിന്ന് ഇറങ്ങാന്‍ മടിക്കുന്ന വിദ്യാര്‍ത്ഥികളെ അവര്‍ പട്ടികള്‍ എന്ന് വിളിക്കുന്നതും പിടിച്ചുവലിക്കുന്നതും തല്ലുന്നതും കാണാമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുക്കുകയായിരുന്നു. തുടര്‍ന്ന്, പോലീസ് അവരുടെ വീട്ടിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവിടെ വച്ച് ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയോട് തര്‍ക്കിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തുവെന്നും ആരോപണമുണ്ട്.
അതേസമയം, രഞ്ജന നാച്ചിയാറിന്റെ അറസ്റ്റിനെ അപലപിച്ച ബിജെപി നേതാവ് സിടി രവി, ബസ്സിന്റെ ചവുട്ട് പടിയില്‍ സ്‌കൂള്‍ കുട്ടികള്‍ ജീവന്‍ അപകടത്തിലാക്കി യാത്ര ചെയ്തതിന് ഉത്തരവാദികളായ മുഖ്യമന്ത്രിയെയും ഗതാഗത മന്ത്രിയെയും മറ്റ് ഉദ്യോഗസ്ഥരെയും ജയിലില്‍ അയയ്ക്കണമെന്ന് ആവശ്യപ്പെട്ടു. രഞ്ജനയുടെ മോചനം ഉറപ്പാക്കണമെന്ന് അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനോട് ആവശ്യപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha



























