ചായ കിട്ടാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ച് ഡോക്ടര്‍

ചായ കിട്ടാത്തതിനെ തുടര്‍ന്ന് വന്ധ്യംകരണ (വാസക്ടോമി) ശസ്ത്രക്രിയ പാതിവഴിയില്‍ ഉപേക്ഷിച്ച് ഡോക്ടര്‍ കടന്നതായി പരാതി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഡോക്ടര്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.
നാഗ്പൂരിലെ മൗദ ഏരിയയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഡോക്ടര്‍ ശസ്ത്രക്രിയ ഉപേക്ഷിച്ച് കടന്നത്. എട്ട് സ്ത്രീകളാണ് വാസക്ടോമിക്ക് വിധേയരായത്. നാല് സ്ത്രീകളുടെ ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍ ഭലവി ആശുപത്രി ജീവനക്കാരോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടെങ്കിലും അത് ലഭിക്കാത്തതിനെ തുടര്‍ന്ന് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. സംഭവം നടക്കുമ്പോള്‍, ശസ്ത്രക്രിയയ്ക്ക് മുമ്പ് അനസ്തേഷ്യ നല്‍കിയതിനാല്‍ മറ്റ് നാല് സ്ത്രീകള്‍ നിദ്രയിലായിരുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിവരമറിഞ്ഞയുടന്‍, സ്ത്രീകളുടെ കുടുംബാംഗങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ ബന്ധപ്പെടുകയും അശ്രദ്ധയെക്കുറിച്ച് അറിയിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി ശസ്ത്രക്രിയ പുനഃരാരംഭിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അന്വേഷണ സമിതി രൂപീകരിച്ചതായി നാഗ്പൂര്‍ ജില്ലാ പരിഷത്ത് സിഇഒ സൗമ്യ ശര്‍മ്മ പറഞ്ഞു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും സൗമ്യ ശര്‍മ്മ അറിയിച്ചു.
https://www.facebook.com/Malayalivartha


























