പുലികളി സംഘത്തലവനെ അർധരാത്രി വിളിച്ചു വരുത്തി വെട്ടിക്കൊന്നു; രണ്ടു പേർ കസ്റ്റഡിയിൽ എന്ന് പോലീസ്

ദക്ഷിണ കന്നട ജില്ലയിൽ അറിയപ്പെടുന്ന പുത്തൂരിലെ പുലിവേഷ നൃത്തസംഘത്തിന്റെ തലവനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നു. മംഗളൂരു, പുത്തൂർ സ്വദേശി അക്ഷയ് കല്ലെഗയാണ്(32) കൊല്ലപ്പെട്ടത്. 'ടൈഗേർസ് കല്ലെഗ' ടീം ലീഡർ ആണ് അക്ഷയ്. തിങ്കളാഴ്ച അർധരാത്രിയാണ് സംഭവം. അക്രമികളിൽ നിന്ന് കുതറി ഓടിയ യുവാവിനെ പിന്തുടർന്ന് വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
പുത്തൂർ ടൗൺ പരിസരത്ത് ആറ് വർഷമായി മികച്ച നിലയിൽ പ്രവർത്തിക്കുന്ന പുലിക്കളി സംഘമാണ് വിവേകാനന്ദ കോളജ് പരിസരത്ത് താമസക്കാരനായ അക്ഷയ് നയിക്കുന്ന ടൈഗേഴ്സ്.ഈയിടെയായി വളരെ പ്രചാരം നേടിയ സംഘത്തിന്റെ നൃത്തം നിരവധി സമ്മാനങ്ങൾ നേടിയിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം അക്ഷയ് സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായിരുന്നു. സംഭവം കയ്യേറ്റത്തിലാണ് അവസാനിച്ചത്. എന്നാൽ രാത്രിയായതോടെ ഈ പ്രശ്‌നം പരിഹരിക്കാൻ എന്ന വ്യാജേന യുവാവിനെ പുത്തൂരിലെ നെഹ്‌റു നഗറിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അക്ഷയെ സംസാരിക്കുന്നതിനിടെ വാളുകൊണ്ട് വെട്ടുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: അർധരാത്രി പന്ത്രണ്ടോടെയാണ് സംഭവം.നെഹ്റു നഗറിലേക്ക് വിളിച്ചു വരുത്തി വാൾ കൊണ്ട് വെട്ടുകയായിരുന്നു.നെഹ്റു നഗർ-വിവേകാനന്ദ കോളജ് റോഡിലൂടെ ഓടിയ അക്ഷയ് മാണി-മൈസൂറു ദേശീയ പാതയിൽ എത്തി രക്ഷിക്കാൻ ആർത്തു വിളിച്ചെങ്കിലും പിന്തുടർന്ന അക്രമികൾ വളഞ്ഞിട്ട് വെട്ടി.പാതയോരത്തെ പുല്ലിലാണ് മൃതദേഹം കിടന്നത്.പാതയുടെ ഇപ്പുറം മുതൽ അപ്പുറം വരെ ചോരപ്പാടുകൾ കാണാനായി.മൂന്ന് പേരാണ് അക്രമി സംഘത്തിൽ ഉണ്ടായിരുന്നത്.ഇവരിൽ മനീഷ്,ചേതൻ എന്നിവർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്"
തിങ്കളാഴ്ച വൈകുന്നേരം വാഹനങ്ങൾ കൂട്ടിമുട്ടിയതുമായി ബന്ധപ്പെട്ട പ്രശ്നം സംസാരിക്കാൻ വിളിച്ചു വരുത്തിയാണ് അക്ഷയിനെ കൊന്നതെന്ന് സുഹൃത്ത് വിക്യത് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. മനീഷ്, ചേതൻ എന്നീ യുവാക്കളെ കസ്റ്റഡിയിൽ എടുത്തെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























