ഭര്‍ത്താവിന് സൗന്ദര്യം ഇല്ല... ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു

ഭര്‍ത്താവിന് സൗന്ദര്യം കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. പ്രേംശ്രീ എന്ന ഇരുപത്താറുകാരിക്കാണ് ശിക്ഷ ലഭിച്ചത്. സത്യവീര്‍ സിംഗാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഫത്തേഗഡിലെ ബിച്ചേട്ടയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഭര്‍ത്താവിന് തന്നെക്കാള്‍ സൗന്ദര്യം കുറവാണെന്ന് പ്രേംശ്രീക്ക് പരാതി ഉണ്ടായിരുന്നു.
അതിനാല്‍ത്തന്നെ ഭര്‍ത്താവിനെ അവര്‍ മനപൂര്‍വം അവഗണിച്ചിരുന്നു. തനിക്ക് വിവാഹമോചനം വേണമെന്ന് പ്രേംശ്രീ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, സത്യവീര്‍ അതിന് തയ്യാറായില്ല. ഇതോടെ പക ഇരട്ടിക്കുകയായിരുന്നു. 2018 നവംബറില്‍ ഇവര്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. തുടര്‍ന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് പ്രേംശ്രീ ഭര്‍ത്താവിനെ സമീപിച്ചെങ്കിലും അയാള്‍ ഒഴിഞ്ഞുമാറി.2019 ഏപ്രില്‍ 15ന് രാത്രിയായിരുന്നു പ്രേംശ്രീ അരുംകൊല നടത്തിയത്.
ഭര്‍ത്താവ് ഉറങ്ങിക്കിടക്കുമ്പോള്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ആത്മഹത്യ എന്ന നിലയിലേക്ക് കേസ് തിരിച്ചുവിടാനായിരുന്നു പ്രേംശ്രീയുടെ ശ്രമം. പെട്രോള്‍ ഒഴിച്ച് തീകാെളുത്തുമ്പോള്‍ ശരീരത്തില്‍ പൊള്ളലേറ്റെങ്കിലും അത് രക്ഷപ്പെടുത്തുന്നതിനിടെ ഉണ്ടായതാണ് എന്നാണ് പ്രേംശ്രീ പറഞ്ഞിരുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് കാട്ടി സത്യവീറിന്റെ സഹോദരന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണമാണ് ക്രൂര കൊലപാതകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
നേരത്തേ ഭാര്യയാണ് പെട്രോളൊഴിച്ച് തീകൊളുത്തിയതെന്ന് പൊലീസിന് സത്യവീര്‍ മരണമൊഴി നല്‍കിയിരുന്നു.സഹോദരന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പരാതി ലഭിച്ചതോടെ പൊലീസ് ചോദ്യംചെയ്യല്‍ കടുപ്പിച്ചു. ഇതോടെ പ്രേംശ്രീ എല്ലാം തുറന്നുപറയുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























