ഡല്‍ഹിയില്‍ നേരിയ ഭൂചലനം... ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

ഡല്‍ഹിയില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ഉച്ചകഴിഞ്ഞ് 3.36നാണ് ഭൂചലനം ഉണ്ടായത്. വടക്കന്‍ ജില്ലയില്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴെയായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി അറിയിച്ചു. അതേസമയം ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
ദിവസങ്ങള്‍ക്ക് മുമ്പ്, ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറന്‍ നേപ്പാളില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമായിരുന്നു ഇത്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) സീസ്മിക് സോണിംഗ് മാപ്പ് അനുസരിച്ച് ഉയര്‍ന്ന ഭൂകമ്പ സാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെടുന്ന സോണ്‍ IV-ല്‍ ഡല്‍ഹിയും ദേശീയ തലസ്ഥാന മേഖലയും (NCR) ഉള്‍പ്പെടുന്നുണ്ട്. മിതമായതോ ഉയര്‍ന്നതോ ആയ തീവ്രതയുള്ള ഭൂകമ്പങ്ങള്‍ അനുഭവപ്പെടാനുള്ള ഉയര്‍ന്ന സാധ്യതയാണ് ഈ സോണിലുള്ള പ്രദേശങ്ങളിലുള്ളത്.
ഈ മാസം ആറിന് ഡല്‍ഹി-എന്‍സിആര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. വൈകുന്നേരം 4:18 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്. നേപ്പാളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ഫലമായാണ് ഈ ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ നേപ്പാളില്‍ ഉണ്ടായ മൂന്നാമത്തെ വലിയ ഭൂചലനമാണിത്.
"
https://www.facebook.com/Malayalivartha


























