മകളേ, ഇറങ്ങൂ, ഇത് ശരിയല്ല:ഞാന്‍ ഇവിടെ വന്നത് നിനക്ക് വേണ്ടിയാണ്... പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ നാടകീയ സംഭവങ്ങള്‍; പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി സമ്മേളന സ്ഥലത്തൈ തൂണില്‍ കയറി ഭീഷണി മുഴക്കി

തെലങ്കാനയിലെ സെക്കന്തരാബാദില്‍ പ്രധാനമന്ത്രി മോഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ഭീഷണി മുഴക്കി പെണ്‍കുട്ടി. മോഡി വേദിയില്‍ നിന്ന് സദസ്സിനെ അഭിസംബോധന ചെയ്യുന്നതിനിടെ ഒരു പെണ്‍കുട്ടി സമ്മേളന സ്ഥലത്തൈ തൂണില്‍ കയറി ഭീഷണി മുഴക്കിയത്. സംഭവത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ട പ്രധാനമന്ത്രി പെണ്‍കുട്ടിയോട് മൈക്കിലൂടെ തന്നെ താഴെയിറങ്ങാന്‍ ആവശ്യപ്പെട്ടു.
പലതവണ ആവശ്യപ്പെട്ടിട്ടും പെണ്‍കുട്ടി താഴെയിറങ്ങാന്‍ തയ്യാറായില്ല. ഇതോടെ പെണ്‍കുട്ടിയുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്ന് മോദി ഉറപ്പ് നല്‍കി. പിന്നാലെ പെണ്‍കുട്ടി തൂണില്‍ നിന്ന് താഴെയിറങ്ങി. പൊലീസിനേയും ബിജെപി പ്രവര്‍ത്തകരേയും അടക്കം മുള്‍മുനയില്‍ നിര്‍ത്തിയ ഈ സംഭവത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
നവംബര്‍ 30 നാണ് തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഇതോടെ പാര്‍ട്ടികളെല്ലാം അവസാനവട്ട ഒരുക്കങ്ങളുടെ തിരക്കിലാണ്.പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തുകയും പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്യുകയാണ്. ഇതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി മോദിയും തെലങ്കാനയിലെത്തിയത്. സെക്കന്തരാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ അദ്ദേഹം ജനങ്ങളില്‍ നിന്ന് ബിജെപിക്ക് പിന്തുണ തേടി.ഇവിടെ പ്രതിപക്ഷ പാര്‍ട്ടികളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
ഇതിനിടെയാണ് പെണ്‍കുട്ടി തൂണില്‍ കയറിയ സംഭവം. പൊതുയോഗത്തിലുണ്ടായിരുന്ന നേതാക്കളിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കിടയിലും സംഭവം ആശങ്കയുയര്‍ത്തി.എല്ലാവരും പെണ്‍കുട്ടിയോട് ഇറങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നത് കാണാമായിരുന്നു.ഇതോടെയാണ് വേദിയില്‍ നിന്ന് മോദി തന്നെ ഇടപെട്ടത്. 'മകളേ, ഇറങ്ങൂ, ഇത് ശരിയല്ല, ഈ വയര്‍ കേടായിരിക്കുകയാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്. മകളേ, നോക്കൂ, അവിടെ ഒരു ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിക്കാം. ഇത് ഇവിടെ ചെയ്യുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. ഞാന്‍ ഇവിടെ വന്നത് നിനക്ക് വേണ്ടിയാണ്. നീ കൃഷ്ണാജി (ബിജെപി നേതാവ്) പറയുന്നത് കേള്‍ക്കൂ.', അദ്ദേഹം പെണ്‍കുട്ടിയോട് പറഞ്ഞു. പിന്നാലെ ഇവര്‍ താഴെയിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























