കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍... ദീപാവലി ദിനത്തില്‍ വന്‍ വാഗ്ദാനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 15,000 രൂപ നല്‍കുമെന്ന് ദീപാവലി ദിനത്തില്‍ വന്‍ വാഗ്ദാനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഛത്തീസ്ഗഡില്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ 'ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജന' ആരംഭിക്കും, ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 15,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നല്‍കും. ഇതിനുമുമ്പ്, ബിജെപി സ്ത്രീകള്‍ക്ക് 12,000 രൂപ അവരുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ പറഞ്ഞു.
'എന്റെ അമ്മമാരെ സഹോദരിമാരെ! ഇന്ന്, ദീപാവലിയുടെ ശുഭ മുഹൂര്‍ത്തത്തില്‍, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഛത്തീസ്ഗഢില്‍ ഉണ്ടാകട്ടെ. എന്റെ ഛത്തീസ്ഗഡ് സമ്പന്നമാകട്ടെ, ദാരിദ്ര്യത്തിന്റെ ശാപം നമുക്ക് തുടച്ചുനീക്കണം. ഈ ദൃഢനിശ്ചയത്തിലാണ് ഞങ്ങളുടെ സര്‍ക്കാര്‍ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്നുത്.'- ബാഗേല്‍ വ്യക്തമാക്കി.
'ഇന്ന് ദീപാവലിയുടെ ഈ ശുഭദിനത്തില്‍, നമ്മുടെ അമ്മമാരെയും സഹോദരിമാരെയും കൂടുതല്‍ അഭിവൃദ്ധിയുള്ളവരും കഴിവുള്ളവരുമായി കാണാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത് ഛത്തീസ്ഗഡില്‍ വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാരിനെ അധികാരത്തിലേറ്റണമെന്നും ഈ സുപ്രധാന അവസരത്തില്‍ അഭ്യര്‍ഥിക്കുന്നു. ഞങ്ങള്‍ 'ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജന' ആരംഭിക്കും, അതിലൂടെ ഓരോ സ്ത്രീക്കും ഞങ്ങള്‍ പ്രതിവര്‍ഷം 15,000 രൂപ നല്‍കും.' നിങ്ങള്‍ എവിടെയും വരിയില്‍ നില്‍ക്കേണ്ടതില്ല, ഒരു ഫോമും പൂരിപ്പിക്കേണ്ട ആവശ്യമില്ല. സര്‍ക്കാര്‍ തന്നെ നിങ്ങളുടെ സര്‍വേ നടത്തും. എല്ലാം ഓണ്‍ലൈന്‍ ആകും, പണം നേരിട്ട് അക്കൗണ്ടില്‍ വരും.'- ബാഗേല്‍ എക്‌സില്‍ കുറിച്ചു.
ബാഗേലിന്റെ ഈ പ്രഖ്യാപനം ബിജെപിയുടെ 'മഹതരി വന്ദന്‍ യോജന' പ്രഖ്യാപനത്തിനുള്ള മറുപടിയായാണ് പരിഗണിക്കുന്നത്. മഹതരി വന്ദന്‍ യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ വന്നാല്‍ വിവാഹിതരായ ഓരോ സ്ത്രീയുടെയും അക്കൗണ്ടില്‍ പ്രതിവര്‍ഷം 12,000 രൂപ വീതം നിക്ഷേപിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാനത്തെ 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബര്‍ ഏഴിനും 17 നും രണ്ടുഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടത്തില്‍ 20 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പും രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പുമാണ് യഥാക്രമം നടക്കുക.
https://www.facebook.com/Malayalivartha


























