ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട നിലയില്‍... മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് കൃത്യം നടത്തിയതെന്ന് സൂചന

കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ട നിലയില്‍. ഉഡുപ്പിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ഹസീന (46), മക്കളായ അഫ്‌സാന്‍ (23), അസീം (14), അയനാസ്(20) എന്നിവരെയാണ് കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അക്രമത്തില്‍ പരിക്കേറ്റ ഹസീനയുടെ ഭര്‍തൃമാതാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. മാസ്‌ക് ധരിച്ചെത്തിയ ഒരാളാണ് കൃത്യം നടത്തിയതെന്നും പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്നും ഉഡുപ്പി എസ് പി അരുണ്‍ കുമാര്‍ പറഞ്ഞു. ഓട്ടോ റിക്ഷയിലെത്തിയ യുവാവാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. മാസ്‌ക് ധരിച്ചെത്തിയ യുവാവിനെ ഹസീനയുടെ വീടിന് സമീപത്ത് ഇറക്കിയെന്ന് ഓട്ടോ ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ സി സി സി ടി വി ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കറുത്ത ബാഗും മാസ്‌കും ധരിച്ച യുവാവിനെ ഹസീനയുടെ വീടിന് സമീപം ഇറക്കിയെന്നും ശേഷം താന്‍ മടങ്ങിയെന്നും ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. 15മിനിട്ടിന് ശേഷം ഈ യുവാവിനെ വീണ്ടും ഓട്ടോ സ്റ്റാന്‍ഡിന്റെ പരിസരത്ത് കണ്ടെന്നും ഡ്രൈവര്‍ കൂട്ടിച്ചേര്‍ത്തു. ഇത്രയും പെട്ടെന്ന് മടങ്ങാനായിരുന്നെങ്കില്‍ ആ സ്ഥലത്ത് തന്നെ കാത്തുനില്‍ക്കാമായിരുന്നുവെന്ന് താന്‍ അയാളോട് പറഞ്ഞു. എന്നാല്‍ അതിനോട് പ്രതികരിക്കാതെ യുവാവ് മറ്റൊരു ഓട്ടോ റിക്ഷയില്‍ കയറി ബൈപ്പാസ് ഭാഗത്തേയ്ക്ക് പോയതായി ഓട്ടോ ഡ്രൈവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഹസീനയുടെ ഭര്‍ത്താവ് നൂര്‍ മുഹമ്മദ് സൗദി അറേബ്യയിലാണ് ജോലി ചെയ്യുന്നത്.
https://www.facebook.com/Malayalivartha


























