1.9 കോടി രൂപയുടെ കട്ടിലും രണ്ട് ജോഡി സോഫാ സെറ്റുകളും സിദ്ധരാമയ്യക്ക് ദീപാവലി സമ്മാനം; ആരോപണം ഉയർത്തി എച്ച്‌ഡി കുമാരസ്വാമി

മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ഒരു മന്ത്രി തന്റെ അനുയായികൾ വഴി 1.9 കോടി രൂപ വിലമതിക്കുന്ന കട്ടിലും രണ്ട് ജോഡി സോഫാ സെറ്റുകളും സമ്മാനിച്ചെന്ന് ആരോപണവുമായി ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്‌ഡി കുമാരസ്വാമി. ഇതേക്കുറിച്ച് ചിലർ തനിക്ക് വിവരം തന്നതായും എല്ലായ്‌പ്പോഴും തന്നെ നുണയനെന്നു വിളിക്കുന്ന സിദ്ധരാമയ്യ നേരിട്ട് ഇതിന്മേൽ വിശദീകരണം നൽകണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടു.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായ ആദ്യ കാലത്ത് അദ്ദേഹത്തെ ബാധിച്ച ഹ്യൂബ്ലോ വാച്ച് വിവാദത്തിന്റെ നവീകരിച്ച പതിപ്പ് പോലെയാണ് ഇത് കാണപ്പെടുന്നതെന്ന് കുമാരസ്വാമി പറഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ സിദ്ധരാമയ്യക്ക് സുഹൃത്തായ ഡോക്ടർ സമ്മാനിച്ച 70 ലക്ഷം രൂപ വിലമതിക്കുന്ന ആഡംബര ഹ്യൂബ്ലോ വാച്ചിനെച്ചൊല്ലി കുമാരസ്വാമി ഉയർത്തിയ ആരോപണം വിവാദ കൊടുങ്കാറ്റ് ഉയർത്തിയിരുന്നു.
ദുബായ് എൻഎംസി സ്പെഷ്യൽറ്റി ഹോസ്പിറ്റലിലെ കാർഡിയോ സർജനും മലയാളിയുമായ ഡോ.ഗിരീഷ് ചന്ദ്ര വർമയാണ് വാച്ച് സമ്മാനിച്ചത്. നിമയസഭയിലും പുറത്തും വിവാദം ഉയർത്തിയതോടെ വിധാൻ സൗധയിലെ ഗാലറിയിലേക്ക് സിദ്ധരാമയ്യ വാച്ച് സമർപ്പിക്കുകയായിരുന്നു.
സംസ്ഥാനം വരൾച്ചാക്കെടുത്തി നേരിടുന്നതിനിടെ മന്ത്രിമന്ദിരങ്ങൾ നവീകരിക്കുന്നതും മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങുന്നതും കുമാരസ്വാമി വിമർശിച്ചു.“ഈ സർക്കാരിന്റെ മുൻഗണനകൾ പട്ടികപ്പെടുത്തുന്നത് സങ്കടകരമാണ്,” അദ്ദേഹം പറഞ്ഞു. മന്ത്രിമാർക്ക് പുതിയ കാറുകൾ വാങ്ങാൻ പണമുണ്ട്. സംസ്ഥാന സർക്കാർ ഇതിനകം 10 കോടി രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ഹോം ഓഫീസായ കൃഷ്ണയിലെ കോൺഫറൻസ് ഹാൾ നവീകരിക്കാൻ സംസ്ഥാനം മൂന്ന് കോടി രൂപ ചെലവഴിക്കുവാൻ പോവുകയാണെന്നും കുമാരസ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha


























