സഹാറ ഗ്രൂപ് സ്ഥാപകൻ സുബ്രതോ റോയ് അന്തരിച്ചു; ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു; സഹാറ ഇന്ത്യ പരിവാറിന് ഈ നഷ്ടം നികത്താനാവാത്തത്

ഇന്ത്യൻ ബിസിനസ് രംഗത്തെ പ്രമുഖനായ സഹാറ ഇന്ത്യ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു.ദീർഘനാളായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ സ്വപ്ന റോയി. മക്കൾ സുശാന്ത് റോയ്, സീമന്തോ റോയ്. രോഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ഗ്രൂപ് പ്രസ്താവനയിൽ പറഞ്ഞു.മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ തുടർന്ന് ആരോഗ്യം മോശമായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്ചയാണ് അദ്ദേഹത്തെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റലിലും മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലും പ്രവേശിപ്പിച്ചത്.
1948 ജൂൺ 10-ന് ബിഹാറിലെ അരാരിയയിൽ ജനിച്ച സുബ്രത റോയ്, ധനകാര്യം, റിയൽ എസ്റ്റേറ്റ്, മീഡിയ, ഹോസ്പിറ്റാലിറ്റി തുടങ്ങി വിവിധ മേഖലകളിൽ വ്യാപിച്ചു കിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് കെട്ടിപ്പടുത്തത്. കേവലം 2000 രൂപ മൂലധനത്തിൽ ആരംഭിച്ച കമ്പനി രാജ്യത്തെ മുൻനിര കമ്പനികളിലൊന്നായി മാറി. ഗോരഖ്പൂരിലെ ഗവൺമെന്റ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ റോയ്, 1976-ൽ സഹാറ ഫിനാൻസ് ഏറ്റെടുക്കുകയായിരുന്നു. 1978-ൽ സഹാറ ഇന്ത്യ ഗ്രൂപ്പായി മാറിയ കമ്പനി പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായി മാറുകയായിരുന്നു. പിന്നീട് ബിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടർന്ന്, 1990-കളിൽ സുബ്രത റോയ് ലഖ്‌നൗവിലേക്ക് ചേക്കേറുകയും നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടർന്ന് കമ്പനി നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു.
2012-ൽ, സഹാറയുടെ നിക്ഷേപ പദ്ധതി നിയമവിരുദ്ധമാണെന്ന സുപ്രീം കോടതി വിധിയോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണം സെബിയും ഹിമാചൽ പ്രദേശ് ഹൈക്കോടതിയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് വർഷങ്ങളോളം നിയമപോരാട്ടം നടത്തി. ഒടുവിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ കോടതി ഉത്തരവിട്ടു. 2014ൽ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. 2016ൽ പരോളിൽ പുറത്തിറങ്ങിയിരുന്നു.
സുപ്രീം കോടതി നിർദേശത്തെ തുടർന്ന് സഹാറ ഗ്രൂപ്പ് ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റികളിലെ നിക്ഷേപകർക്ക് 45 ദിവസത്തിനുള്ളിൽ റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന വെബ്‌സൈറ്റ് ഈ വർഷം ആദ്യം തുറന്നു. സഹാറ അഴിമതിയിൽ കുടുങ്ങിയ പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു.
1992-ൽ രാഷ്‌ട്രീയ സഹാറ, ഹിന്ദി ദിനപത്രം ആരംഭിച്ചു. സഹാറ ടിവിയിലൂടെ ടെലിവിഷൻ രംഗത്തേക്കും പ്രവേശിച്ചു. ഇത് പിന്നീട് സഹാറ വൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1990-കളുടെ അവസാനത്തിൽ പൂനെയ്‌ക്ക് സമീപം ആംബി വാലി സിറ്റി പദ്ധതി ആരംഭിച്ചു. 2000-കളിൽ, ലണ്ടനിലെ ഗ്രോസ്വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ തുടങ്ങിയവ ഏറ്റെടുത്തതോടെ സഹാറ ഗ്രൂപ്പ് അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ പതിപ്പിച്ചു.
സുബ്രത റോയുടെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തിൽ അനുഭവപ്പെടുമെന്ന് കമ്പനി പറഞ്ഞു. ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവെന്നു സഹാറയെ ടൈം മാഗസിൻ പ്രശംസിച്ചിരുന്നു.
https://www.facebook.com/Malayalivartha


























