തുരങ്കം അപകടം; അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ; ബുധനാഴ്ച രക്ഷപ്പെടുത്താനാകുമെന്ന് പ്രതീക്ഷ; രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നതിനിടെ വീണ്ടും മണ്ണിടിച്ചിൽ. തുരങ്കത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ ഉരുക്കുകുഴലുകൾ തള്ളിക്കയറ്റി തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായിരിക്കുന്നത്. ഇതോടെ, പ്ലാറ്റ്ഫോമിൽ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ രക്ഷാപ്രവർത്തകർ നിർബന്ധിതരായി.
900 മില്ലിമീറ്റർ വ്യാസമുള്ള കുഴലുകൾ ഒന്നൊന്നായി ഹൈഡ്രോളിക് ഡ്രില്ലിങ് മെഷിൻ ഉപയോഗിച്ചാണ് കയറ്റുന്നത്. തൊഴിലാളികൾക്ക് ട്യൂബുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മരുന്നുകളും നൽകുന്നുണ്ട്. ബുധനാഴ്ച ഇവരെ രക്ഷപ്പെടുത്താനാകുമെന്നാണ് കണക്കുകൂട്ടുന്നത്.
ഇതിനിടെ തുരങ്കത്തിൽ നടത്തുന്ന രക്ഷാപ്രവർത്തനത്തിനിടെ അവശിഷ്ടങ്ങൾ വീണ് രണ്ട് തൊഴിലാളികൾക്ക് പരിക്ക്. വൈകിട്ട് 4.45 ഓടെ തുരങ്കം തുരക്കുന്നതിനുള്ള ആഗർ മെഷീൻ സ്ഥാപിക്കുന്ന നടപടികൾ അവസാന ഘട്ടത്തിലിരിക്കെയാണ് സംഭവം നടന്നത്. പരിക്ക് ഗുരുതരമല്ല. ഇൻസ്റ്റാളേഷൻ പ്രക്രിയയിൽ ഏർപ്പെട്ടിരുന്ന 10 തൊഴിലാളികളിൽ, രണ്ട് പേർക്കാണ് പരിക്കേറ്റത്. അപകടത്തെ തുടർന്ന്, പരിക്കേറ്റ തൊഴിലാളികളായ യൂസഫ് അലി, സാഹിദു രാമ എന്നിവരെ അപകടസ്ഥലത്തിന് സമീപം താൽക്കാലികമായി നിർമ്മിച്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ആരോഗ്യനില തൃപ്തികരമാണ്. 10-15 തൊഴിലാളികളും സാങ്കേതിക വിദഗ്തരും അടങ്ങുന്ന സംഘമാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
തൊഴിലാളികളിൽ ഒരാളായ ഗബ്ബർ സിങ് നേഗി മകനുമായി സംസാരിച്ചു. തുരങ്കത്തിനുസമീപം ആറു കിടക്കകളുള്ള താത്കാലിക ആശുപത്രിയും പത്ത് ആംബുലൻസുകളും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉത്തരകാശി ചീഫ് മെഡിക്കൽ ഓഫീസർ ആർ.സി.എസ്. പൻവാർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവർ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയുമായി ഫോണിൽ ബന്ധപ്പെട്ടു.
ബ്രഹ്മഖൽ-യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. 40 ഓളം തൊഴിലാളികൾ അതിനകത്ത് കുടുങ്ങിയിരുന്നു. 15 പേർ ജാർഖണ്ഡിൽ നിന്നും എട്ട് ഉത്തർപ്രദേശിൽ നിന്നും അഞ്ചു പേർ ഒറീസയിൽ നിന്നും നാലു പേർ ബീഹാറിൽ നിന്നും നാലു പേർ പശ്ചിമ ബംഗാളിൽ നിന്നും മൂന്ന് പേർ ഉത്തരാഖണ്ഡിൽ നിന്നും അസമിൽ നിന്നും രണ്ടു പേർ വീതവും ഹിമാചൽ പ്രദേശിൽ നിന്നുള്ള ഒരാൾ, എന്നിങ്ങനെയാണ് കുടുങ്ങിയ തൊഴിലാളികളുടെ കണക്കുകൾ.
ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.
https://www.facebook.com/Malayalivartha


























