തുരങ്കം തകർന്നു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ കൂടുതൽ ശേഷിയുള്ള ഡ്രില്ലിങ് യന്ത്രം ഡൽഹിയിൽ നിന്നു വ്യോമമാർഗം എത്തിച്ചു...ഇവ കൂട്ടിച്ചേർത്തശേഷം ഉടൻ രക്ഷാപ്രവർത്തനം ഉടൻ പുനരാരംഭിക്കും

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ചാർധാം പാതയുടെ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ കൂടുതൽ ശേഷിയുള്ള ഡ്രില്ലിങ് യന്ത്രം ഡൽഹിയിൽ നിന്നു വ്യോമമാർഗം എത്തിച്ചു. നിലവിൽ ഉപയോഗിച്ചിരുന്ന ഡ്രില്ലിങ് യന്ത്രം തകരാറിലായതിനാലാണിത്. ഇരട്ടിവേഗത്തിൽ തുരക്കാൻ കഴിയുന്ന 25 ടൺ ഭാരമുള്ള യന്ത്ര സാമഗ്രികൾ വ്യോമസേനയാണ് എത്തിച്ചത്.
തുരങ്കത്തിന് 30 കിലോമീറ്റർ അടുത്ത് ചിന്യാലിസർ ഹെലിപാഡിൽ ഇറക്കിയ യന്ത്രങ്ങൾ റോഡുമാർഗം അപകടസ്ഥലത്ത് എത്തിച്ചു. ഇവ കൂട്ടിച്ചേർത്തശേഷം ഉടൻ രക്ഷാപ്രവർത്തനം പുനരാരംഭിക്കും. മുൻപ് തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെ രക്ഷിച്ച രക്ഷാപ്രവർത്തകരുമായും അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. ഹരിദ്വാറിൽ നിന്നു കഴിഞ്ഞ ദിവസമെത്തിച്ച സ്റ്റീൽ കുഴൽ അവശിഷ്ടങ്ങൾക്കിടയിലൂടെ ഏതാനും മീറ്റർ കടത്തിവിട്ടെങ്കിലും കൂടുതൽ മുന്നോട്ടു പോയില്ല. യന്ത്രത്തിനു കേടുപറ്റുകയും ചെയ്തു. തുടർന്നാണു യുഎസ് നിർമ്മിത ഡ്രില്ലിങ് മെഷീൻ എത്തിച്ചത്. മണിക്കൂറിൽ ശരാശരി 3 മീറ്റർ ദൂരം തുരക്കാൻ കഴിയും.
തൊഴിലാളികൾ സുരക്ഷിതരാണെന്നും ശുദ്ധവായുവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും സർക്കാർ അറിയിച്ചു. വാക്കി ടോക്കി സംവിധാനത്തിലൂടെ സംസാരിക്കുന്നുമുണ്ട്. രക്ഷാപ്രവർത്തനം വൈകുന്നതിൽ തൊഴിലാളികളുടെ ബന്ധുക്കളും സഹപ്രവർത്തകരും പ്രതിഷേധിച്ചു. അധികൃതർ അലംഭാവം കാട്ടുകയാണെന്ന് അവർ ആരോപിച്ചു.
https://www.facebook.com/Malayalivartha


























