മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയം നിർമ്മിക്കും; അംറോഹ ജില്ലയിൽ സ്ഥലം കണ്ടെത്തുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു കഴിഞ്ഞു

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ മിനി സ്റ്റേഡിയവും ജിംനേഷ്യവും തുറക്കാൻ പദ്ധതിയിട്ട് അംറോഹ ജില്ലാ ഭരണകൂടം. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം യോഗി സർക്കാരിന് കൈമാറാൻ ഒരുങ്ങുകയാണ് ഇവർ. ലോകകപ്പിൽ ഷമി കാഴ്ച വച്ച മികച്ച പ്രകടനത്തിന് പിന്നാലെയാണ് മിനി സ്റ്റേഡിയം നിർമ്മിക്കാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.
‘മുഹമ്മദ് ഷമിയുടെ ഗ്രാമത്തിൽ ഒരു മിനി സ്റ്റേഡിയം നിർമ്മിക്കാൻ ഞങ്ങൾ ഒരു നിർദ്ദേശം അയച്ചിരുന്നു. ആ നിർദ്ദേശത്തിൽ ഒരു ഓപ്പൺ ജിംനേഷ്യവും ഉണ്ടാകും. ഞങ്ങൾക്ക് അവിടെ ആവശ്യത്തിന് ഭൂമിയുണ്ട്. സംസ്ഥാനത്തുടനീളം 20 സ്റ്റേഡിയങ്ങൾ നിർമ്മിക്കാൻ ഉത്തർപ്രദേശ് സർക്കാർ നിർദ്ദേശം നൽകി. സ്റ്റേഡിയം നിർമ്മിക്കാൻ അംറോഹ ജില്ലയും സർക്കാർ തിരഞ്ഞെടുത്തു’- അംറോഹ ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് ത്യാഗി പറഞ്ഞു.
സിഇഒ അശ്വനി കുമാർ മിശ്രയും മറ്റ് ഉദ്യോഗസ്ഥരും ജോയ ഡെവലപ്‌മെന്റ് ബ്ലോക്കിലെ ഷാമി ഗ്രാമം സന്ദർശിച്ചു. സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തുകയും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു കഴിഞ്ഞു. ഷമിയുടെ കുടുംബം ഈ ഗ്രാമത്തിലാണ് താമസിക്കുന്നത്. കുടുംബാംഗങ്ങളെ കാണാൻ ഷമി ഗ്രാമത്തിൽ എത്താറുണ്ട്. ഷമിയുടെ മിന്നും പ്രകടനത്തിന് പിന്നാലെ തങ്ങളുടെ നാട്ടിൽ സ്റ്റേഡിയം വരുന്നതിലുള്ള ആഹ്ലാദത്തിലാണ് ഗ്രാമവാസികൾ.
https://www.facebook.com/Malayalivartha


























