അതിഗുരുതരവും അപകടകരവുമാണ് നിലവിലെ അവസ്ഥ... ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇന്റര്‍നെറ്റോ ഇല്ല... ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യസേവനങ്ങള്‍ എത്തിക്കുന്നതില്‍ പോലും ഞങ്ങള്‍ക്ക് തടസം നേരിടുകയാണ്....

അതിഗുരുതരവും അപകടകരവുമാണ് നിലവിലെ അവസ്ഥ. ദിവസങ്ങളായി വൈദ്യുതിയോ വെള്ളമോ ഇന്റര്‍നെറ്റോ ഇല്ല. ഭക്ഷണവും മരുന്നുമടക്കമുള്ള അവശ്യസേവനങ്ങള്‍ എത്തിക്കുന്നതില്‍ പോലും ഞങ്ങള്‍ക്ക് തടസം നേരിടുകയാണ്. അല്‍ ശിഫ ആശുപത്രിയുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല. ആശുപത്രി നിരന്തരം ആക്രമണങ്ങള്‍ക്കിരയാവുന്നു. സ്ഥിതിഗതികള്‍ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്.' ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ടെഡ്‌റോസ് അഥ്‌നോം ഗാസയിലെ സ്ഥിതിഗതികളെ കുറിച്ച് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചത് ഇങ്ങനെയാണ്.
യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന് മുന്‍പ് ഗാസയുടെ ആരോഗ്യസംവിധാനങ്ങളുടെ ആണിക്കല്ലായിരുന്നു ഗാസ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന അല്‍ ശിഫ ആശുപത്രി. യുദ്ധം തുടങ്ങിയതു മുതല്‍ ബോംബേറില്‍ പരിക്കേറ്റും അംഗഭംഗം വന്നും വീടും കുടുംബവും നഷ്ടപ്പെട്ടും എത്തിയ ഗാസക്കാര്‍ക്ക് അഭയമായതും അല്‍ ശിഫ തന്നെ. എന്നാല്‍, യുദ്ധത്തിന്റെ ഒരു ഘട്ടത്തില്‍ സ്ഥിതിഗതികളാകെ മാറിമറിഞ്ഞു. ആശുപത്രികള്‍ക്ക് നേരെ ആക്രമണം നടത്തരുതെന്ന അന്താരാഷ്ട്ര നിയമം ലംഘിക്കപ്പെട്ട് അല്‍ ശിഫയ്ക്ക് നേരേയും ഇസ്രയേലിന്റെ ബോംബാക്രമണം ഉണ്ടായി. വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് ഇന്‍ക്യുബേറ്ററിലുണ്ടായിരുന്ന മൂന്ന് കുഞ്ഞുങ്ങളാണ് മരിച്ചത്. ചികിത്സ മുടങ്ങി മരിച്ചവര്‍ അമ്പതോളവും. നിലവില്‍ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന് അല്‍ ശിഫയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചിരിക്കുകയാണ്. നിയമം പോലും ലംഘിച്ച് ഇസ്രായേല്‍ എന്തിനാണ് ആശുപത്രിക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്?
https://www.facebook.com/Malayalivartha


























