റോബിന്‍ ബസിന് തമിഴ്നാട്ടിലും പണി കിട്ടി... റോബിന്‍ ബസിന് തമിഴ്നാട്ടില്‍ പിഴയിട്ടത് 70,410 രൂപ
കേരളത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനെ വെല്ലുവിളിച്ച് സര്‍വിസ് നടത്തിയ റോബിന്‍ ബസിന് തമിഴ്നാട്ടിലും പിഴ. 70,410 രൂപയാണ് ചാവടി ചെക് പോസ്റ്റില്‍ അടക്കേണ്ടി വന്നത്. അനുമതിയില്ലാതെ സര്‍വിസ് നടത്തിയതിനാണ് നടപടി. അനധികൃതമായി സര്‍വിസ് നടത്തിയതിന് ബസ് പിടിച്ചിട്ടതോടെ, ഒരാഴ്ചത്തെ ടാക്‌സും പിഴയും അടച്ച് വാഹന ഉടമ സര്‍വിസ് തുടരുകയായിരുന്നു. ഈ തുകയടച്ചതോടെ നവംബര്‍ 24 വരെ തമിഴ്‌നാട്ടിലേക്ക് സര്‍വിസ് നടത്താനാവും.
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസ് പുറപ്പെട്ടയുടന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെത്തി തടയുകയും പെര്‍മിറ്റ് ലംഘനത്തിന് 7500 രൂപ പിഴയിടുകയും ചെയ്തിരുന്നു. എന്നാല്‍, ബസ് പിടിച്ചെടുത്തിരുന്നില്ല. തുടര്‍ന്ന് പാലായിലും അങ്കമാലിയും തൃശൂര്‍ പുതുക്കാട്ടും തടഞ്ഞ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ഈ സമയങ്ങളിലെല്ലാം പിഴയും ചുമത്തി. സംഭവം വിവാദമായതോടെ സംഘടിച്ചെത്തിയ നാട്ടുകാര്‍ എം.വി.ഡി ഉദ്യോഗസ്ഥരെ കൂവി വിളിക്കുകയും പലയിടത്തും ബസിന് സ്വീകരണവും നല്‍കുകയും ചെയ്തിരുന്നു. 37,500 രൂപ ഇതുവരെ കേരളത്തില്‍നിന്ന് പിഴയിട്ടതായി ബസുടമ പറഞ്ഞു. ഇതിന് പുറമെ മറ്റു ചലാനുകള്‍ വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍നിന്ന് കോയമ്ബത്തൂരിലേക്ക് സര്‍വിസ് ആരംഭിച്ചത്. സെപ്റ്റംബര്‍ ഒന്നിന് രാവിലെ റാന്നിയില്‍ എം.വി.ഡി നടത്തിയ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി. 45 ദിവസങ്ങള്‍ക്ക് ശേഷം കുറവുകള്‍ പരിഹരിച്ച് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ഒക്ടോബര്‍ 16ന് സര്‍വിസ് പുനരാരംഭിച്ചു. റാന്നിയില്‍ വെച്ച് ബസ് വീണ്ടും എം.വി.ഡി പിടികൂടിയതോടെ കേസ് കോടതിയിലെത്തി. ഒക്ടോബര്‍ 16ന് വീണ്ടും സര്‍വിസ് തുടങ്ങി. റാന്നിയിലെത്തിയപ്പോള്‍ എം.വി.ഡി 'സെക്ഷന്‍ റൂള്‍ 207' പ്രകാരം ബസ് പിടിച്ചെടുത്തു. എന്നാല്‍, വാഹനം ഉടമക്ക് തിരികെ നല്‍കണമെന്ന് റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ബസ് തിരികെ ലഭിച്ചത്.
ഹൈകോടതി സംരക്ഷണത്തിലാണ് നിരത്തിലിറങ്ങുന്നതെന്ന് കഴിഞ്ഞദിവസം ഉടമ ഗിരീഷ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അതേസമയം, നാളെയും സര്‍വിസ് നടത്തുമെന്ന് റോബിന്‍ മോട്ടോഴ്‌സ് അറിയിച്ചിട്ടുണ്ട്. എന്നാല്‍, റോബിന്‍ ബസിനെ പൂട്ടാന്‍ സമാന്തര സര്‍വിസുമായി കെ.എസ്.ആര്‍.ടി.സിയും രംഗത്തെത്തിയിട്ടുണ്ട്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ 4.30ന് കോയമ്ബത്തൂരിലേക്ക് വോള്‍വോ എ.സി ബസ് സര്‍വിസ് നടത്തുമെന്നാണ് അറിയിപ്പ്.
https://www.facebook.com/Malayalivartha