ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം നീളുന്നു... ഇരുമ്പുകമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും തടസമായതോടെ ഇന്ന് രാത്രിയിലും ഡ്രില്ലിംഗ് പുനരാരംഭിച്ചിട്ടില്ല

ഉത്തരാഖണ്ഡില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യം നീളുന്നു. തുരങ്കത്തിലെ കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ ഇരുമ്പുകമ്പികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും തടസമായതോടെ ഇന്ന് രാത്രിയിലും ഡ്രില്ലിംഗ് പുനരാരംഭിച്ചിട്ടില്ല. അവശിഷ്ടങ്ങള്‍ ഓഗര്‍ മെഷീനിന്റെ ബ്ലെയിഡില്‍ കൊള്ളുന്നതിനാല്‍ മെഷീന്റെ പ്രവര്‍ത്തനം നിറുത്തിവച്ചു.
ഓഗര്‍ മെഷീന്‍ തുരങ്കത്തില്‍ നിന്ന് പുറത്തേക്ക് മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. യന്ത്രസഹായമില്ലാതെ അവശിഷ്ടങ്ങള്‍ നീക്കാനാവുമോ എന്നും വിദഗ്ദ്ധര്‍ പരിശോധിക്കുന്നു. ഓഗര്‍ മെഷീന്‍ ഉറപ്പിച്ച 25 ടണ്‍ ഭാരമുള്ള കോണ്‍ക്രീറ്റ് പ്ലാറ്റ്‌ഫോം തകര്‍ന്നതും തുരന്നു കയറ്റിയ ഇരുമ്പ് പൈപ്പ് ഇരുമ്പ് ഫ്രെയിമില്‍ ഇടിച്ചു നിന്നതും വ്യാഴാഴ്ച ദൗത്യം മുടക്കിയിരുന്നു. തുരങ്കം തകര്‍ന്നപ്പോള്‍ നിലം പതിച്ച ഇരുമ്പ് ഫ്രെയിമിലാണ് മെഷീന്‍ ഇടിച്ചത്. പ്ലാറ്റ്ഫോമിന്റെ കേട് പരിഹരിച്ച് മെഷീന്‍ ഉറപ്പിച്ചിരുന്നു. രക്ഷാകുഴലിലൂടെ നുഴഞ്ഞു ചെന്ന വിദഗ്ദ്ധര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ഇരുമ്പ് ഫ്രെയിം മുറിച്ച് തടസം മാറ്റുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഓഗര്‍ യന്ത്രത്തിന്റെ ഡ്രില്ലിംഗ് ബ്ലേഡിന് കേട് പറ്റിയിരുന്നു. അത് അഴിച്ചു മാറ്റി തകരാറ് പരിഹരിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ ഡ്രില്ലിംഗ് പുനരാരംഭിച്ചെങ്കിലും ചെറിയ പ്രകമ്പനങ്ങളുണ്ടായതോടെ വീണ്ടും നിര്‍ത്തി വച്ചു. അതിനിടെ തുരന്നു കയറ്റിയ ഇരുമ്പ് പൈപ്പ് വളയുകയും ഓഗര്‍ മെഷീന് വീണ്ടും കേടു പറ്റുകയും ചെയ്തതായി ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വളഞ്ഞ പൈപ്പിന്റെ രണ്ട് മീറ്ററോളം ചെറിയ കഷണങ്ങളായി മുറിച്ചു മാറ്റേണ്ടി വന്നു. ഇനിയും അവശിഷ്ടങ്ങള്‍ പത്ത് മീറ്ററോളം ഡ്രില്‍ ചെയ്താലേ തൊഴിലാളികളുടെ അടുത്ത് എത്താനാവൂ.
എന്നാല്‍ അടുത്ത അഞ്ച് മീറ്ററില്‍ തടസങ്ങളൊന്നും ഇല്ലെന്ന് ഗ്രൗണ്ട് പെനിട്രേഷന്‍ റഡാര്‍ പരിശോധനയില്‍ വ്യക്തമായെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രില്ലിംഗ് പുനരാരംഭിച്ചാല്‍ രണ്ടോ മൂന്നോ ഇരുമ്പ് കുഴലുകള്‍ കൂടി തുരന്നു കയറ്റേണ്ടി വരും. പുതിയ തടസങ്ങള്‍ ഇല്ലെങ്കില്‍ പൈപ്പുകള്‍ വെല്‍ഡ് ചെയ്യുന്നതുള്‍പ്പെടെ ആറേഴ് മണിക്കൂറുകളില്‍ ഡ്രില്ലിംഗ് പൂര്‍ത്തിയാവുമെന്ന് ദൗത്യത്തിന്റെ ചുമതലയുള്ള കേണല്‍ ദീപക് പാട്ടീല്‍ പറഞ്ഞു.
അതിനിടെ, ദുരന്തനിവാരണ സേനാംഗങ്ങള്‍ തൊഴിലാളികളെ ചക്രങ്ങളുള്ള സ്‌ട്രെച്ചറില്‍ കിടത്തി രക്ഷാകുഴലിലൂടെ വലിച്ച് പുറത്തു കൊണ്ടുവരുന്നതിന്റെ റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി.കേന്ദ്ര മന്ത്രി വി. കെ. സിംഗ് ഇന്നലെ സ്ഥലത്തെത്തി. തുരങ്കത്തില്‍ കയറിയ അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
https://www.facebook.com/Malayalivartha


























