മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം... വെടിവയ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന

മണിപ്പൂരില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന അറിയിച്ചു. തെങ്നൗപാല്‍ ജില്ലയിലെ സൈബോളിന് സമീപമുള്ള ലെയ്തു ഗ്രാമത്തിലാണ് ഇരു സംഘങ്ങള്‍ തമ്മില്‍ വെടിവയ്പുണ്ടായത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെയാണ് സുരക്ഷാസേനയുടെ ക്യാമ്പ്. സേന നടത്തിയ തെരച്ചിലിലാണ് 13 മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം മൃതദേഹങ്ങള്‍ക്കരികില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരിച്ചവര്‍ ലെയ്തു മേഖലയില്‍ നിന്നുള്ളവരല്ലെന്നും മറ്റൊരിടത്ത് നിന്ന് വന്നവരാകാമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. മരിച്ചവരുടെ പേരുവിവരം പൊലീസോ സുരക്ഷാ സേനയോ പുറത്തുവിട്ടിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മേയ് മൂന്നു മുതല്‍ മണിപ്പൂരില്‍ മെയ്തെയ്, കുക്കി സമുദായങ്ങള്‍ തമ്മിലുള്ള വര്‍ഗീയ സംഘര്‍ഷം രൂക്ഷമാണ്. അക്രമ സംഭവങ്ങളില്‍ 182 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. ഏഴുമാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ള നിരോധനം ഞായറാഴ്ച നീക്കിയിരുന്നു.
https://www.facebook.com/Malayalivartha


























