മുംബൈയില്‍ മലയാളി പെണ്‍കുട്ടിയെ കുടെ താമസിച്ചിരുന്ന സ്ത്രീയും കാമുകനും മദ്യം നല്‍കി പീഡിപ്പിച്ചതായി പരാതി

മുംബൈയില്‍ പതിനേഴ് വയസുള്ള മലയാളി പെണ്‍കുട്ടിയെ അമ്മയുടെ സുഹൃത്തുക്കളായ രണ്ടു സ്ത്രീകളും അതിലൊരാളുടെ കാമുകനും ചേര്‍ന്നു പീഡിപ്പിച്ചതായി പരാതി. മാവേലിക്കരയില്‍ കുടുംബവേരുള്ള കുര്‍ള നിവാസിയായ നഴ്‌സാണ് മകളെ പീഡിപ്പിച്ചവര്‍ക്കെതിരേ പരാതി നല്‍കിയത്. രണ്ടു വര്‍ഷം മുന്‍പ് നടന്ന പീഡനത്തെക്കുറിച്ച് ഏറെനാള്‍ നീണ്ട കൗണ്‍സലിംഗിനൊടുവിലാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പന്ത്രണ്ടാം വയസില്‍ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടതാണ്. അമ്മയും മകളും തനിച്ചായിരുന്നു താമസം. ഒരു സുഹൃത്തിന് ഇവരുടെ കുര്‍ളയിലെ ഫ്‌ലാറ്റില്‍ 2019 മുതല്‍ 2022 വരെ അഭയം നല്‍കിയിരുന്നു. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ഡ്യൂട്ടിക്കുപോകുന്ന വേളയില്‍ മകള്‍ക്ക് മദ്യം നല്‍കിയശേഷം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഒരിക്കല്‍ ഇവരില്‍ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
നഗ്‌ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തിയ പ്രതികള്‍ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനുശേഷം കുട്ടി മാനസികാസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടില്‍പോയ വേളയില്‍ അവിടെയും കൗണ്‍സലിംഗിനു കൊണ്ടുപോയി.
സംഭവിച്ച കാര്യങ്ങള്‍ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞത്. കൗണ്‍സലിംഗ് സ്ഥാപനം കേരള പോലീസിലും ചൈല്‍ഡ്ലൈനിലും വിവരം അറിയിച്ചു. കുര്‍ള പോലീസ് സ്റ്റേഷനിലേക്ക് കൊല്ലം പോലീസ് കേസ് കൈമാറി. പരാതിയില്‍ ഉടന്‍ കേസെടുക്കുമെന്നു മുംബൈ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























