തന്റെ കാലിലൂടെ കാറോടിച്ച് കയറ്റിയ കാമുകനെതിരെ യൂറ്റൂബര്‍ കൂടിയായ യുവതിയുടെ പരാതി....

താന്‍ സ്‌നേഹിച്ചിരുന്നവന്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നും പരാതി നല്‍കി യൂറ്റൂബര്‍ കൂടിയായ യുവതി. മഹാരാഷ്ട്രയി ലാണ് സംഭവം നടന്നത്. ഉന്നത ഉദ്യോഗസ്ഥന്റെ മകന്‍ കൂടിയായ തന്റെ കാമുകന്‍ തന്നെ ക്രൂരമായി മര്‍ദിച്ചെന്നും കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചെന്നുമാണ് യുവതി പരാതി നല്‍കിയത്. മഹാരാഷ്ട്ര റോഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എം.ഡി.യായ അനില്‍ ഗെയ്ക്വാദിന്റെ മകന്‍ അശ്വജിത് ഗെയ്ക്വാദിനെതിരേയാണ് കാമുകി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ പോലീസിനെ സമീപിച്ചെങ്കിലും ഉന്നതങ്ങളില്‍നിന്നുള്ള സ്വാധീനം കാരണം പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും അശ്വജിതിന്റെ കാമുകിയായ പ്രിയ സിങ് ആരോപിച്ചു.
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറും മോഡലുമായ പ്രിയ സിങ് ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് കാമുകനില്‍നിന്നുണ്ടായ ദുരനുഭവം പങ്കുവെച്ചത്. കാമുകനായ അശ്വജിത് ക്രൂരമായി മര്‍ദിച്ചെന്നും കാലിലൂടെ കാറോടിച്ച് കയറ്റിയെന്നുമാണ് യുവതിയുടെ പരാതി. ദേഹമാസകലം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചിത്രങ്ങളും യുവതി പുറത്തുവിട്ടിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള ഇന്‍ഫ്‌ളുവന്‍സറാണ് പ്രിയ സിങ്. കഴിഞ്ഞ നാലരവര്‍ഷമായി അശ്വജിത്തുമായി അടുപ്പമുണ്ടെന്നാണ് യുവതി അവകാശപ്പെടുന്നത്. ഡിസംബര്‍ 11-ാം തീയതിയാണ് അശ്വജിത് തന്നെ മര്‍ദിച്ചതെന്നും നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും യുവതി പറഞ്ഞു.
കുടുംബത്തില്‍ ഒരു പരിപാടിയുണ്ടെന്ന് പറഞ്ഞ് കാമുകന്‍ വിളിച്ചതനുസരിച്ചാണ് സംഭവസ്ഥലത്തേക്ക് പോയത്. ഡിസംബര്‍ 11-ന് പുലര്‍ച്ചെ നാലുമണിയോടെയാണ് കാമുകനെ കാണാനായി അവിടെ എത്തിയത്. എന്നാല്‍, തീര്‍ത്തും അസാധാരണമായ പെരുമാറ്റമാണ് കാമുകനില്‍നിന്നുണ്ടായത്. ഇതോടെ സ്വകാര്യമായി സംസാരിക്കണമെന്ന് കാമുകനോട് ആവശ്യപ്പെട്ടു. എന്നാല്‍, സുഹൃത്തുമായെത്തിയ അശ്വജിത് വീണ്ടും അവഹേളിച്ചു. പിന്നാലെ മര്‍ദനവും തുടങ്ങി. മുഖത്തടിക്കുകയും കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെയ്തു. തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും മര്‍ദിച്ചു. മുടിയില്‍ കുത്തിപ്പിടിച്ച് നിലത്തേക്ക് തള്ളിയിട്ടു. ഇതിനുപിന്നാലെ കാമുകനും കൂട്ടുകാരനും കാറില്‍ കയറി. തന്റെ ഫോണും ബാഗും എടുക്കാനായി താനും കാറിനടുത്തേക്ക് ഓടിയെത്തി. എന്നാല്‍, തന്റെ ദേഹത്തുകൂടെ കാറോടിച്ച് കയറ്റാനാണ് അശ്വജിത് ഡ്രൈവറോട് ആവശ്യപ്പെട്ടത്. പിന്നാലെ കാലിന് മുകളിലൂടെ കാറോടിച്ച് കയറ്റി കാമുകനും കൂട്ടാളികളും സ്ഥലത്തുനിന്ന് കടന്നുകളഞ്ഞെന്നും യുവതി ആരോപിച്ചു.
സംഭവത്തെത്തുടര്‍ന്ന് വലതുകാലിന് പൊട്ടലുണ്ടായി. ശസ്ത്രക്രിയക്ക് ശേഷം കാലിന് കമ്ബിയിട്ടു. മര്‍ദനത്തില്‍ ദേഹമാസകലം മുറിവേറ്റു. കൈകളിലും പുറത്തും വയറിലും ഉള്‍പ്പെടെ പരിക്കുകളുണ്ടെന്നും സംഭവത്തില്‍ ആദ്യം പരാതി നല്‍കിയപ്പോള്‍ ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദം കാരണം പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്നും പ്രിയ സിങ് ആരോപിക്കുന്നു. പോലീസില്‍ പരാതി നല്‍കാതിരിക്കാന്‍ അശ്വജിത്തും സുഹൃത്തുക്കളും തന്നെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, പ്രിയ സിങ്ങിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കാമുകനായ അശ്വജിത് അടക്കം മൂന്നുപേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന ആരോപണം തെറ്റാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം. കേസില്‍ അന്വേഷണം നടന്നുവരികയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























