വീണ്ടും ഹണിട്രാപ്പ്... വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

ബെംഗളൂരുവില്‍ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍. ദമ്പതികള്‍ ഉള്‍പ്പെടെ നാലു പേരടങ്ങുന്ന സംഘത്തെയാണ് ബെംഗളൂരു സെന്‍ട്രല്‍ സിറ്റി ക്രൈം ബ്രാഞ്ച് സ്‌പെഷല്‍ വിങ് അറസ്റ്റ് ചെയ്തത്. ഖലീം, സബ, ഒബേദ് റക്കീം, അതീഖ് എന്നിവരാണ് അറസ്റ്റിലായത്. ദമ്പതികളായ ഖലീമും സബയും ചേര്‍ന്ന് വ്യവസായിയായ അദിയുല്ല എന്നയാളെയാണ് ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്.
ഖലീം തന്റെ ഭാര്യ സബയെ വിധവയായ സ്ത്രീയാണെന്നു പറഞ്ഞ് അദിയുല്ലയെ പരിചയപ്പെടുത്തുകയും കൂടെ നിര്‍ത്തി സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ സബ, തന്ത്രപൂര്‍വം അദിയുല്ലയുമായി അടുത്തു. ആര്‍ആര്‍ നഗര്‍ പ്രദേശത്തെ ഒരു ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനും ആധാര്‍ കാര്‍ഡുമായി എത്താനും അദിയുല്ലയോട് സബ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ അദിയുല്ലയെ പ്രതികള്‍ ഒരുമിച്ചു പൂട്ടിയിടുകയും വിവരം പുറത്തുപറയാതിരിക്കാന്‍ ആറു ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
ഭീഷണി തര്‍ക്കത്തിലേക്കു നീങ്ങിയപ്പോള്‍ ഹോട്ടല്‍ അധികൃതര്‍ ക്രൈംബ്രാഞ്ച് സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. സിസിബി പൊലീസ് എത്തി പ്രതികളെ കയ്യോടെ പിടികൂടി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രതികള്‍ ഇതിനു മുന്‍പും ഹണിട്രാപ്പ്, കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആര്‍ആര്‍ നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തു.
https://www.facebook.com/Malayalivartha
























