തമിഴ്‌നാട്ടിൽ കനത്ത മഴ:- മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും...

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും. തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാം തുറക്കുന്നത്. രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്‌സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ടിൽ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
അതിശക്തമായ മഴയെ തുടർന്ന് തെക്കൻ തമിഴ്നാട്ടിലെ നാല് ജില്ലകളിൽ വെള്ളപ്പൊക്കം ഉണ്ടായി. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളിലാണ് റോഡുകളിലും വീടുകളിലുമൊക്കെ വെള്ളം കയറി ജനജീവിതം തടസപ്പെട്ടത്. പുലർച്ചെ 1.30 വരെ, തുടർച്ചയായ പതിനഞ്ച് മണിക്കൂറിനിടെ 60 സെന്റീമീറ്റർ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പെയ്തത്. കന്യാകുമാരിയിൽ 17.3 സെന്റീമീറ്റർ മഴ പെയ്തു. ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.
പ്രളയ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മന്ത്രിമാരെയും മുതിർന്ന ഉദ്യോഗസ്ഥരെയും പല പ്രദേശങ്ങളിലായ വിന്യസിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും, ബോട്ടുകളും സജ്ജമാക്കാനും, ആവശ്യമെങ്കിൽ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും സ്റ്റാലിൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേന (എൻ ഡി ആർ എഫ്) യെ തിരുനെൽവേലി, തൂത്തുക്കുടി ജില്ലകളിലേക്കും സംസ്ഥാന ദുരന്തനിവാരണ സേനയെ (എസ് ഡി ആർ എഫ്) കന്യാകുമാരി ജില്ലയിലും വിന്യസിച്ചിട്ടുണ്ട്. നാലായിരത്തോളം പൊലീസുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. കടലിൽ പോകരുതെന്ന് മത്സ്യത്തൊഴിലാളികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























