പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം പിമാർക്ക് സസ്പെൻഷൻ; പുറത്താക്കിയത് 92 എം പി മാരെ കടുത്ത വിമർശനവുമായി പ്രതിപക്ഷം; പുറത്തായവരിൽ മുതിർന്ന കേരളം എം പി മാരും; നടപടി പുകയാക്രമണക്കേസിൽ പ്രതിഷേധിച്ചതിന്

പാർലമെന്‍റിൽ പ്രതിപക്ഷ എം പിമാർക്കെതിരെ ഇന്നലെ കൂട്ട നടപടി. പാര്‍ലമെന്‍റ് ചരിത്രത്തിലാദ്യമായി 78 എം പിമാര്‍ക്കാണ് ഒരു ദിവസം കൂട്ട സസ്പെന്‍ഷന്‍ നൽകിയിരിക്കുന്നത്. പാർലമെന്റിലെ പുകയാക്രമണക്കേസിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ചതിനാണു നടപടി. സുരക്ഷാ വീഴ്ചയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ വിശദീകരണം നൽകണമെന്നതാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ആദ്യം ലോക് സഭയില്‍ 33 എംപിമാരെ ആദ്യം സസ്പെന്‍ഡ് ചെയ്യ്തു. പിന്നാലെ രാജ്യസഭയില്‍ 45 എം പിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതോടെ ഈ സമ്മേളന കാലയളവിൽ സസ്പെൻഷനിലായ പ്രതിപക്ഷ എം പിമാരുടെ എണ്ണം 92 ആയി. കേരളത്തിൽ നിന്ന് ആറ് എം പിമാർക്കും ഇന്നലെ സസ്പെൻഷൻ ലഭിച്ചിട്ടുണ്ട്. കെ മുരളീധരൻ, ആന്‍റോ ആന്‍റണി, എൻ കെ പ്രേമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഇ ടി മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് സസ്പെൻഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള എം പിമാർ. സസ്പെൻഷൻ നടപടിക്ക് പിന്നാലെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. സ്പീക്കറുടെ ഡയസിലേക്ക് കയറിയ മൂന്ന് എം പിമാരുടെ നടപടി അവകാശ സമിതിക്ക് വിട്ടതായും അറിയിപ്പുണ്ട്.
സഭയില്‍ മറുപടി നല്‍കാതെ പ്രധാനമന്ത്രിയും അമിത്ഷായും ഇംഗ്ലിഷ് ചാനലിനോടും, ഹിന്ദി ദിനപത്രത്തോടും സംസാരിച്ച നടപടിയാണ് പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സുരക്ഷ വീഴ്ചയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് സഭാധ്യക്ഷന്മാര്‍ അവകാശപ്പെട്ടെങ്കിലും പ്രതിപക്ഷം പ്രതിഷേധം തുടരുകയായിരുന്നു. ലോക് സഭ സ്പീക്കറും, രാജ്യസഭ ചെയര്‍മാനും സുരക്ഷ വീഴ്ചയില്‍ അന്വേഷണം തുടരുകയാണെന്ന് ഇന്നും സഭയെ അറിയിച്ചെങ്കിലും പ്രതിഷേധം തുടർന്നു. പ്രതിപക്ഷ പ്രതിഷേധത്തില്‍ ലോക് സഭ നാല് തവണയും രാജ്യസഭ മൂന്ന് തവണയുമാണ് പിരിയേണ്ടി വന്നത്.
അതിക്രമം ചോദ്യംചെയ്ത എംപിമാർ കൂട്ടമായി സസ്പെൻഷൻ നേരിടുകയും അക്രമികൾക്കു പാർലമെന്റിലെത്താൻ പാസ് നൽകിയ ബിജെപി എംപി: പ്രതാപ് സിംഹ ലോക്സഭാംഗമായി തുടരുകയും ചെയ്യുന്നതിലൂടെ രാഷ്ട്രീയ മര്യാദയുടെ സർവസീമകളും ഭരണപക്ഷം ലംഘിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
ജനാധിപത്യത്തിന്മേലുള്ള ഗുരുതരമായ ആക്രമണമെന്നാണ് എം പിമാർക്കെതിരായ കൂട്ട സസ്പെൻഷൻ നടപടിയെക്കുറിച്ച് സി പി എം പ്രതികരിച്ചത്. പ്രാതിനിധ്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്നും എല്ലാ പ്രതിപക്ഷ എം പിമാരുടെയും സസ്പെന്‍ഷൻ ഉടൻ പിന്‍വലിക്കണമെന്നും സി പി എം ആവശ്യപ്പെട്ടു. കൂട്ട സസ്പെന്‍ഷൻ നടത്തി ബി ജെ പിയും അമിത് ഷായും പാർലമെന്‍റ് സുരക്ഷിത കേന്ദ്രമാക്കിയെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പരിഹസിച്ചത്. അമിത് ഷായുടേത് വിയോജിപ്പുകളെ നിശബ്ദമാക്കുന്ന മാസ്റ്റർ സ്ട്രോക്കാണെന്നും, ഇനി അലോസരമില്ലാതെ അമിത് ഷായ്ക്ക് പ്രസ്താവന നടത്താമെന്നും ടി എം സി പരിഹസിച്ചു.
https://www.facebook.com/Malayalivartha
























