ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ലെന്ന് അധികൃതര്‍...

കനത്ത മഴയെ തുടര്‍ന്ന്, ജലനിരപ്പ് ഉയർന്നതിന് പിന്നാലെ ഷട്ടറുകള്‍ തുറക്കുമെന്ന് അറിയിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കില്ലെന്ന തീരുമാനം എടുത്തത്. തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 250 ഘനയടിയായി കുറച്ചു. നീരൊഴുക്ക് കൂടിയതിനാൽ കൊണ്ടുപോകുന്ന വെളളത്തിന്റെ അളവ് കൂട്ടിയിരുന്നു. അണക്കട്ടിലേക്കുള്ള നീരൊഴുക്ക് സെക്കന്റിൽ 2500 ഘനയടി ആയി കുറഞ്ഞു.
നിലവിൽ ജലനിരപ്പ് 138.55 അടിയാണ്. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ട് രാവിലെ പത്തു മണിയോടെ തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ജലനിരപ്പ് 142 അടിയിലേക്കെത്തന്ന സാഹചര്യമുണ്ടായാൽ തുറക്കാനായിരുന്നു തമിഴ്നാടിന്റെ തീരുമാനം. സെക്കൻഡിൽ പരമാവധി പതിനായിരം ഘനയടി വെള്ളം വരെ തുറന്നു വിടുമെന്നായിരുന്നു തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരിരുന്നത്.
ഇതേത്തുടർന്ന് പെരിയാർ തീരത്തുളളവർക്ക് ജില്ല ഭരണകൂടം ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. കേരളത്തിൽ മഴ കുറഞ്ഞിട്ടുണ്ടെങ്കിലും അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്തോട് ചേർന്നുള്ള തമിഴ്നാട് മേഖലയിൽ മഴ തുടരുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. തമിഴ്‌നാട്ടിൽ ഇപ്പോഴും മഴ തുടരുകയാണ്. തിരുനെൽവേലി, തൂത്തുക്കൂടി, തെങ്കാശി, കന്യാകുമാരി ജില്ലകളിൽ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. എന്നാൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. തിരുനെൽവേലി-തൂത്തുകൂടി റൂട്ടിൽ ട്രെയിൻ ഗതാഗതം രാത്രിയോടെ പുന:സ്ഥാപിക്കാനാണ് ശ്രമം. കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ അടക്കം 23 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ട്രാക്ക് വെള്ളത്തിൽ മുങ്ങിയതോടെ ശ്രീ വൈകുണ്ഠത്ത് കുടുങ്ങിയ ട്രെയിനിലെ 500 യാത്രക്കാരെ ഇതുവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനായിട്ടില്ല. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ മന്ത്രിതല സംഘം ജില്ലകളിൽ ക്യാംപ് ചെയത് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നുണ്ട്.
ഭക്ഷണവും വെള്ളവും വെളിച്ചവുമില്ലാതെ ട്രെയിനിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികൾ അടക്കം അഞ്ഞൂറോളം പേരെ രക്ഷിക്കാൻ തീവ്രശ്രമം തുടരുകയാണ്. ഇവർക്ക് അടിയന്തരമായി ഭക്ഷണം എത്തിച്ചു നൽകാൻ വ്യോമസേന നടത്തിയ ശ്രമം പരാജയപ്പെട്ടതാണു തിരിച്ചടിയായത്. സുളൂർ വ്യോമതാവളത്തിൽ നിന്ന് 2 ടണ്ണോളം ഭക്ഷ്യവസ്തുക്കളുമായി ഹെലികോപ്റ്റർ എത്തിയെങ്കിലും കനത്ത വെള്ളപ്പാച്ചിൽ തുടരുന്നതിനാൽ ഇതു നിലത്തിറക്കാനായില്ല. ട്രെയിനിലുള്ള എണ്ണൂറോളം പേരിൽ 300 പേരെ സമീപത്തെ സ്കൂളിലേക്കു മാറ്റിയത് ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ്. മറ്റുള്ളവരെ രക്ഷിക്കാൻ രക്ഷാപ്രവർത്തകർക്ക് എത്താൻ കഴിയാത്ത വിധം കനത്ത വെള്ളപ്പാച്ചിലാണ് പ്രദേശത്തുള്ളത്.
തിരുച്ചെന്തൂർ – തിരുനെൽവേലി സെക്‌ഷനുകളിൽക്കിടിൽ ശ്രീവൈകുണ്ഠപുരം സ്റ്റേഷനിലാണു ട്രെയിൻ നിർത്തിയിട്ടിരിക്കുന്നത്. ഈ ഭാഗത്തെ 7 കിലോമീറ്ററിലധികം വരുന്ന റെയിൽ പാതയുടെ അടിയിൽ നിന്ന് മണ്ണൊലിച്ചു പോയ നിലയിലാണ്. വൈദ്യുതി ബന്ധം നിലച്ചതും ആവശ്യത്തിനു വെളിച്ചമില്ലാതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുകയാണ്.
തിരുനെൽവേലി, തൂത്തുക്കൂടി ജില്ലകളിൽ ഇന്ന് പൊതു അവധിയും തെങ്കാശി, കന്യാകുമാരി ജില്ലകളിൽ സ്‌കൂളുകൾക്ക് അവധിയും ആണ്. 13 ജില്ലകളിൽ മഴ മുന്നറിയിപ്പും ഉണ്ട്. അതിനിടെ ഇന്ത്യ മുന്നണി യോഗത്തിനായി ഡൽഹിയിലുള്ള മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, പ്രളയ ദുരിതാശ്വാസമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. കന്യാകുമാരി ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയ്ക്ക് ഇന്നലെ പകൽ നേരിയ ശമനം ഉണ്ടായിട്ടുണ്ട്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മഴ തുടരുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ജില്ലാ ഭരണകൂടം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 11 ക്യാംപുകളിലായി 553 പേരെയാണ് മാറ്റി താമസിപ്പിച്ചിരിക്കുന്നത്. വെള്ളം കയറിയ പ്രദേശങ്ങൾ മന്ത്രി ടി.മനോ തങ്കരാജ്, ജില്ലാ കലക്ടർ പി.എൻ.ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.
https://www.facebook.com/Malayalivartha
























