രാജസ്ഥാനിലെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം...എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്
രാജസ്ഥാനിലെ കോട്ടയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. കുന്‍ഹാരി പോലീസ് സ്റ്റേഷന് പരിധിയിലുള്ള കോട്ടയിലെ ലാന്‍ഡ്മാര്‍ക്ക് സിറ്റിയില്‍ ഞായറാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
അഞ്ച് നിലകളുള്ള ഹോസ്റ്റല്‍ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് ട്രാന്‍സ്ഫോര്‍മറിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫോറന്‍സിക് സംഘം.
പോലീസ് എല്ലാ വിദ്യാര്‍ത്ഥികളെയും മറ്റൊരു ഹോസ്റ്റലിലേക്ക് മാറ്റി. സംഭവസമയത്ത് അറുപതിലധികം കോച്ചിംഗ് വിദ്യാര്‍ത്ഥികള്‍ അഞ്ച് നിലകളുള്ള ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ രണ്ട് വിദ്യാര്‍ത്ഥികളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവര്‍ പ്രാധമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു. തീയില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് ചിലര്‍ക്കൊപ്പം കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥിക്ക് കാലിന് ഒടിവുണ്ടായി.
'വിളക്കുകള്‍ അണഞ്ഞപ്പോള്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. പതിവ് സംഭവമായതുകൊണ്ട് അവര്‍ തിരിച്ചുവരുന്നത് വരെ ഞാന്‍ കാത്തിരുന്നു. എന്നാല്‍ അവര്‍ വരാതായപ്പോള്‍ എനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും, പുറത്തുകടക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഹോസ്റ്റലില്‍ പുക നിറഞ്ഞത് കണ്ട് ഞാന്‍ വല്ലാതെ പേടിച്ചു.'' പരിക്കേറ്റ വിദ്യാര്‍ത്ഥി അര്പിത് പാണ്ഡെ ഒരു മാധ്യമത്തോട് പറഞ്ഞു.
രാവിലെ ആറരയോടെയാണ് താഴത്തെ നിലയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതെന്ന് കോട്ട എഎസ്പി അമൃത ദുഹാനി സ്ഥിരീകരിച്ചു. തീ അതിവേഗം മുകളിലേക്ക് പടരുകയും കെട്ടിടത്തിന് വന്‍ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഹോസ്റ്റല്‍ കെട്ടിടത്തില്‍ അഗ്നിസുരക്ഷാ സംവിധാനങ്ങളൊന്നും ഇല്ലെന്നും അഗ്നിശമന എന്‍ഒസി ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഹോസ്റ്റല്‍ കെട്ടിടത്തിനുള്ളില്‍ ഇത്രയും വലിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാന്‍ പാടില്ലായിരുന്നു. ആവശ്യമായ അഗ്നി സുരക്ഷാ ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിന് ഹോസ്റ്റല്‍ ഉടമയ്ക്കെതിരെ കേസെടുത്തു.
https://www.facebook.com/Malayalivartha