ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ബിറ്റ്കോയിന്‍ പോണ്‍സി അഴിമതിയുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപ മൂല്യം വരുന്ന സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നിലവില്‍ ശില്‍പയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജൂഹുവിലെ ഫ്‌ളാറ്റ്, പൂനെയിലെ ബംഗ്‌ളാവ്, രാജ് കുന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇക്വിറ്റി ഷെയറുകള്‍ എന്നിവയും ഇഡി കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അഴിമതിയില്‍ പങ്കില്ലെന്നാണ് രാജ് കുന്ദ്രയും ശില്‍പയും പറയുന്നത്.
അഴിമതിയുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര, ശില്‍പ ഷെട്ടി എന്നിവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് അവരുടെ അഭിഭാഷകനായ പ്രശാന്ത് പാട്ടീല്‍ വ്യക്തമാക്കി. ഇഡിക്ക് മുമ്പാകെ എത്തുമ്പോള്‍ അന്വേഷണ ഏജന്‍സി തന്നെ തങ്ങള്‍ക്ക് നീതി നല്‍കുമെന്ന് വിശ്വസിക്കുന്നു. നീതിയുക്തമായ അന്വേഷണത്തില്‍ വിശ്വസിക്കുന്നുവെന്നും അഭിഭാഷകന്‍ പറഞ്ഞു. പണം നിക്ഷേപിക്കാതെ തന്നെ വലിയ ലാഭം വാഗ്ദാനം ചെയ്യുന്ന തട്ടിപ്പാണ് പോണ്‍സി പദ്ധതി. കൂടുതല്‍ ആളുകളെ തട്ടിപ്പിലേയ്ക്ക് എത്തിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ഇത്തരത്തില്‍ പണം നിക്ഷേപിക്കാതെ തന്നെ ആളുകളെ പദ്ധതിയിലേയ്ക്ക് എത്തിച്ചതിനുശേഷം ആദ്യ നിക്ഷേപകര്‍ക്ക് ലാഭം നല്‍കുകയാണ് ചെയ്യുന്നത്.
ഗെയിന്‍ ബിറ്റ്കോയിന്‍ എന്ന പോണ്‍സി അഴിമതിയുടെ ബുദ്ധികേന്ദ്രമായ അമിത് ഭരദ്വാജ് രാജ് കുന്ദ്രയ്ക്ക് 285 ബിറ്റ്കോയിനുകള്‍ നല്‍കിയതായി ഇഡി കണ്ടെത്തിയിരുന്നു. യുക്രെയിനില്‍ ഒരു ബിറ്റ്കോയിന്‍ ഖനന ഫാം രൂപീകരിക്കാന്‍ ഈ ബിറ്റ്കോയിനുകള്‍ ഉപയോഗിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതിനാല്‍ 150 കോടിയിലധികം മൂല്യമുള്ള ബിറ്റ്കോയിനുകള്‍ കുന്ദ്രയുടെ കൈവശമായെന്നും ഇഡി പറയുന്നു. പോണോഗ്രഫി ചിത്രങ്ങള്‍ നിര്‍മിച്ചതിന് 2021ല്‍ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. പിന്നീട് ഈ കേസില്‍ സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























