പുഷ്പ 2' റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കും

പുഷ്പ 2 സിനിമയുടെ റിലീസിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസെടുക്കുമെന്ന് പൊലീസ്. അല്ലു അര്‍ജുന് പുറമേ നടന്റെ സെക്യൂരിറ്റി ടീമിനെതിരെയും സന്ധ്യ തിയറ്റര്‍ മാനേജ്മെന്റിനെതിരെയും കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. ''നടന്‍ എത്തുമെന്ന് തിയറ്റര്‍ മാനേജ്‌മെന്റിന് അറിയാമായിരുന്നു.
എന്നാല്‍ ഇക്കാര്യം പൊലീസിനെ അറിയിച്ചില്ല. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് സുരക്ഷാ സംവിധാനങ്ങളോ, നടനും സംഘത്തിനും അകത്ത് പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും പ്രത്യേകം വഴിയോ തിയറ്റര്‍ മാനേജ്‌മെന്റ് ഒരുക്കിയില്ല''- ഹൈദരാബാദ് ഡിസിപി പറഞ്ഞു.
സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ നിര തന്നെ ബുധനാഴ്ച രാത്രി തിയറ്ററിനു മുന്നില്‍ തടിച്ചുകൂടിയിരുന്നു. അവര്‍ക്കിടയിലേക്ക് അപ്രതീക്ഷിതമായാണ് അല്ലു അര്‍ജുന്‍ എത്തിയത്. സംവിധായകന്‍ സുകുമാറും എത്തിയിരുന്നു. തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്താണ് അല്ലു അര്‍ജുന്‍ എത്തിയത്. താരത്തെ കണ്ടതും ആരാധകരുടെ ആവേശം അതിരുകടന്നു.
തുടര്‍ന്ന് അല്ലു അര്‍ജുന്റെ സുരക്ഷാ ജീവനക്കാര്‍ ജനങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചതോടെ അത് ഉന്തിലും തള്ളിലും കലാശിച്ചു. പൊലീസിനും ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ഇതോടെ പൊലീസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് അപകടം നടന്നത്. ദില്‍സുഖ്‌നഗറിലെ രേവതി എന്ന യുവതിയാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കള്‍ക്കുമൊപ്പം സിനിമ കാണാന്‍ എത്തിയതായിരുന്നു രേവതി.
https://www.facebook.com/Malayalivartha
























