മണിപ്പൂരില്‍ കുക്കി വിഭാഗക്കാരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്കേറ്റു

മണിപ്പൂരില്‍ യാത്രാ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ് സര്‍വീസ് പുനരാരംഭിച്ചതിനെ ചൊല്ലി കുക്കി മേഖലയില്‍ പ്രതിഷേധം. കാങ്പോക്പിയില്‍ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ബസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു.
കാഗ്‌പോക്പി ജില്ലയിലെ ഗാംഗിഫായ് പ്രദേശത്ത് ദേശീയ പാത രണ്ടില്‍ സേനാപതി ജില്ലയിലേക്ക് പോകുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ ബസ് തടയുകയും ടയര്‍ കത്തിക്കുകയും ചെയ്തു. സ്വകാര്യ വാഹനങ്ങളും അക്രമത്തിനിരയായി. റോഡുകള്‍ കുഴിച്ച് സഞ്ചാര യോഗ്യമല്ലാതാക്കി. റോഡുകള്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഉപരോധിച്ചു. പ്രതിഷേധക്കാര്‍ സ്ഫോടക വസ്തുകള്‍ എറിഞ്ഞതോടെ സുരക്ഷാ സേന ലാത്തിചാര്‍ജ് നടത്തുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.സംഘര്‍ഷത്തെ തുടര്‍ന്ന് കാങ്പോക്പി, ചാമ്പൈ, സൈതു-ഗാംഫസോള്‍ ഉപവിഭാഗങ്ങളില്‍, ദേശീയ പാതാ രണ്ടില്‍ ജില്ലാ മജിസ്ട്രേറ്റ് മഹേഷ് ചൗധരി നിരോധനാജ്ഞ പ്രഖ്യാപിച്ചു.
മണിപ്പൂരില്‍ എല്ലാ മേഖലയിലും സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര സേന സുരക്ഷയോടെ രാവിലെ 10 മുതല്‍ ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് ബസ് സര്‍വീസ് തുടങ്ങിയത്. മണിപ്പൂര്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് (എം.എസ്.ടി) ബസുകള്‍ ഇംഫാല്‍-കാന്‍പോക്പി-സേനാപതി, സേനാപതി-കാങ്‌പോക്പി-ഇംഫാല്‍, ഇംഫാല്‍-ബിഷ്ണുപൂര്‍-ചുരചന്ദ്പൂര്‍, ചുരചന്ദ്പൂര്‍-ബിഷ്ണുപൂര്‍-ഇംഫാല്‍ റൂട്ടുകളിലാണ് സര്‍വീസ് നടത്തിയത്. ഇംഫാലില്‍ നിന്ന് ചുരാചന്ദ്പൂര്‍, ഉഖ്രുല്‍ എന്നിവിടങ്ങളിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 2023 മേയ് മുതല്‍ തുടരുന്ന കലാപത്തില്‍ 250ലധികം പേര്‍ മരിക്കുകയും 50,000ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തു.
https://www.facebook.com/Malayalivartha























