രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി ഇന്ന്

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്നു വിധി പറയും. കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ ഡല്‍ഹി പൊലീസിനു ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. രാജ്യദ്രോഹക്കുറ്റം എന്താണെന്നു പോലും നിങ്ങള്‍ക്ക് അറിയില്ലേയെന്നു വാദത്തിനിടെ കോടതി പൊലീസിനു വേണ്ടി ഹാജരായ അഭിഭാഷകനോട് ചോദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും ഡല്‍ഹി പൊലീസും ജാമ്യാപേക്ഷയെ എതിര്‍ത്തപ്പോള്‍ ഡല്‍ഹി സര്‍ക്കാരിന്റെ അഭിഭാഷകന്‍ കനയ്യ കുമാറിന് അനുകൂലമായ നിലപാടെടുത്തിരുന്നു.
കനയ്യയ്ക്കു പുറമേ, കേസില്‍ കുറ്റാരോപിതരായ ഉമര്‍ ഖാലിദ്, അനിര്‍ബാന്‍ ഭട്ടാചാര്യ എന്നിവരെ ഇന്നലെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. പൊലീസ് കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്നാണു മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇരുവരെയും തിഹാര്‍ ജയിലിലേക്കു മാറ്റി. മതിയായ സുരക്ഷയൊരുക്കണമെന്ന ഹൈക്കോടതി നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ സൗത്ത് ക്യാംപസ് പൊലീസ് സ്‌റ്റേഷനിലെത്തിയാണു മജിസ്‌ട്രേട്ട് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
അതിനിടെ, കനയ്യ കുമാര്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്നു ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. പൊലീസ് തെളിവായി സ്വീകരിച്ച ഏഴു വിഡിയോ ക്ലിപ്പുകളില്‍ മൂന്നെണ്ണമാണു വ്യാജമാണെന്നു കണ്ടെത്തിയത്. കനയ്യ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതിനു തെളിവെന്നു പൊലീസ് അവകാശപ്പെട്ട ക്ലിപ്പുകളാണു വ്യാജമെന്നു തെളിഞ്ഞത്. ഒരു ചടങ്ങിന്റെ ദൃശ്യം മറ്റൊരു ചടങ്ങിലെ മുദ്രാവാക്യം കൂട്ടിച്ചേര്‍ത്താണ് ഇതു നിര്‍മിച്ചത്. ഇതിന്റെ തെളിവ് നേരത്തേ ഒരു ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതു തെളിയിക്കുന്നതാണു ഫൊറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഒന്‍പതിനാണു ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























