അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ശുഭാംശു ശുക്ലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗ് വസതിയിലായിരുന്നു കൂടിക്കാഴ്ച നടന്നത്. ഐഎസ്ആര്‍ഒ ബഹിരാകാശയാത്രികന്റെ ജാക്കറ്റ് ധരിച്ച ശുക്ലയെ മോദി ആലിംഗനത്തോടെയാണ് സ്വീകരിച്ചത്. തോളില്‍ കൈവെച്ച് അഭിനന്ദിക്കുകയും ചെയ്തു.
പ്രധാനമന്ത്രിക്ക് ആക്‌സിയം-4 മിഷന്‍ പാച്ച് സമ്മാനിച്ച ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ഭൂമിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു. ദൗത്യത്തിനിടെ ഓര്‍ബിറ്റല്‍ ലാബില്‍ കൊണ്ടുപോയ ദേശീയ പതാകയുമായി ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു.
'ശുഭാംശു ശുക്ലയുമായി വളരെ മികച്ച ആശയവിനിമയം നടത്തി. ബഹിരാകാശത്തെ അദ്ദേഹത്തിന്റെ അനുഭവങ്ങള്‍, ശാസ്ത്ര സാങ്കേതിക മേഖലയിലെ പുരോഗതി, ഇന്ത്യയുടെ അഭിലാഷമായ ഗഗന്‍യാന്‍ ദൗത്യം എന്നിവയുള്‍പ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അദ്ദേഹത്തിന്റെ നേട്ടത്തില്‍ ഇന്ത്യ അഭിമാനിക്കുന്നു,'' പ്രധാനമന്ത്രി മോദി എക്‌സില്‍ കുറിക്കുകയും ചെയ്തു.
ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായ ശുഭാംശു ഞായറാഴ്ച രാവിലെയാണ് ഇന്ത്യയിലെത്തിയത്.
ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയ ശുഭാംശുവിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍, കേന്ദ്ര ശാസ്ത്ര സാങ്കേതിക സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണന്‍ എന്നിവര്‍ സ്വീകരിക്കാനെത്തിയിരുന്നു. ബഹിരാകാശ യാത്രയ്ക്ക് ശേഷം ജൂലൈ 15 നാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്.
ജൂണ്‍ 25 നാണ് ആക്സിയം -4 ന്റെ മിഷന്‍ പൈലറ്റായി അദ്ദേഹം ബഹിരാകാശത്തേയ്ക്ക് പോകുന്നത്. ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങിയത്.
https://www.facebook.com/Malayalivartha