പാകിസ്ഥാന്റെ F16 അടിച്ചിട്ട ഇന്ത്യന്‍ കരുത്തന്‍ മിഗ് 21 ; ശത്രുക്കളുടെ മാറുപിളര്‍ന്നവന് ബിഗ് സല്യൂട്ട്

എതിരാളികളുടെ പേടി സ്വപ്‌നം ഇന്ത്യന്‍ ആകാശക്കോട്ടയുടെ അധിപന്‍, ഭടന്‍. ഇന്ത്യയ്ക്ക് നേരെ തിരിഞ്ഞ പാക്കിന്റെ മാറുപിളര്‍ന്നവന്‍. അമേരിക്കയുടെ എഫ് 16 അടിച്ചിട്ട കരുത്തന്‍ വിശേഷണങ്ങള്‍ ഏറെയാണ് ഇന്ത്യയുടെ പോര്‍വിമാനം മിഗ് 21ന്. ഇന്ന് രാജ്യം വൈകാരികമായ ഒരു യാത്ര അയപ്പിന് സാക്ഷ്യം വഹിച്ചു. ആറു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവില്‍ മിഗ് 21 യുദ്ധവിമാനങ്ങള്‍ വ്യോമസേനയില്‍നിന്നു വിടവാങ്ങി. വിമാനങ്ങളെ സര്‍വീസില്‍ നിന്ന് പിന്‍വലിക്കുന്ന ചടങ്ങുകള്‍ ചണ്ഡിഗഡ് വ്യോമതാവളത്തില്‍ നടന്നു. വ്യോമസേനയില്‍ ഇപ്പോള്‍ അവശേഷിക്കുന്ന 2 മിഗ് 21 സ്‌ക്വാഡ്രനുകളും ഇതോടെ ചരിത്രമായി. രാജ്യം തദ്ദേശീയമായി വികസിപ്പിക്കുന്ന തേജസ് മാര്‍ക്ക് 1 എ യുദ്ധവിമാനങ്ങള്‍ മിഗ് 21നു പകരമായി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യന്‍ പ്രതിരോധ രംഗത്ത് മിഗ്21 എന്ന യുഗം അവസാനിക്കുന്നു, അവിടെ മറ്റൊരു യുഗം ആരംഭിക്കുന്നു. ഓപ്പറേഷന്‍ സിന്ദൂറും വിജയമാക്കി മിഗ്21 യുദ്ധവിമാനങ്ങള്‍ പടിയിറങ്ങുകയാണ്. ഇന്ത്യന്‍ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്21 ഫൈറ്റര്‍ ജെറ്റുകളിലെ അവസാന ബാച്ചും വിരമിക്കുന്നു. ആറ് പതിറ്റാണ്ടുകാലം രാജ്യത്തെ കാത്ത മിഗ്21 യുദ്ധവിമാനങ്ങള്‍ക്ക് ഇനി വിശ്രമം, പുതു തലമുറയ്ക്ക് വഴിമാറല്‍. മിഖായോന്‍ഗുരേവിച്ച് മിഗ്21. അതാണ് മിഗ്21 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന യുദ്ധവിമാനങ്ങള്‍. പേരില്‍ തന്നെ ആ പഴയ സോവിയറ്റ് ബന്ധം വ്യക്തം. സോവിയറ്റ് വിമാന നിര്‍മ്മാണ വിഭാഗമായ മിഖായോന്‍ ഖുരേവിച്ച് അവതരിപ്പിച്ച ശബ്ദാധിവേഗ വിമാനങ്ങളാണ് മിഗ്21. ലളിതമായ ഡിസൈനും, അതിലെ നീണ്ടുകൂര്‍ത്ത മൂക്കും, ഡെല്‍റ്റാ വിങും, മാക് 2+ വേഗവും, നൊടിയിടയുള്ള കുതിപ്പുമെല്ലാം മിഗ്21നെ ഗംഭീര്യമാക്കി. ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട സൂപ്പര്‍സോണിക് ഫൈറ്റര്‍ ജെറ്റുകളിലൊന്നാണ് മിഗ്21. സോവിയറ്റ് യൂണിയനും ഇന്ത്യയും ചൈനയും ഇറാഖും വിയറ്റ്‌നാമുമെല്ലാം മിഗ്21 ഉപയോഗിച്ചു.
മിഖായോന്‍ ഖുരേവിച്ച് 1950കളുടെ തുടക്കത്തില്‍ മിഗ് 21ന്റെ മാതൃക വികസിപ്പിച്ചുതുടങ്ങി. 1963ല്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് മിഗ്21 യുദ്ധ വിമാനങ്ങളുടെ ആദ്യ ബാച്ചെത്തി. ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ സൂപ്പര്‍ സോണിക് വിമാനമായിരുന്നു മിഗ് 21. 1962ലെ ഇന്തോചൈന യുദ്ധത്തിന് ശേഷമുള്ള പ്രതിരോധ ശക്തിപ്പെടുത്തലിന്റെ ഭാഗമായിരുന്നു ഇന്ത്യയിലെത്തിയ മിഗ്21 ജെറ്റുകള്‍. 1971 ബംഗ്ലാദേശ് യുദ്ധത്തിലും 1999 ലെ കാര്‍ഗില്‍ യുദ്ധത്തിലുമെല്ലാം ഇവ നിര്‍ണായക സാന്നിധ്യമായിരുന്നു. 2019ലെ ബലാകോട്ട് വ്യോമാക്രമണം അങ്ങനെ നീളുന്നു. നാളിതുവരെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത് തൊള്ളായിരത്തോളം മിഗ്21 വിമാനങ്ങളാണ്. രാജ്യത്തിന്റെ ആകെ യുദ്ധവിമാനങ്ങളുടെ കണക്കെടുത്താല്‍ അതില്‍ മൂന്നിലൊന്നും ഒരുവേള മിഗ്21 ആയിരുന്നു. സാങ്കേതികവിദ്യ ഇന്ത്യക്ക് സോവിയറ്റ് യൂണിയന്‍ കൈമാറിയതോടെ മിക്ക മിഗ്21 ഉം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഇവിടത്തന്നെ നിര്‍മ്മിച്ചു. ഇതിലെ അവസാന ബാച്ചിലുള്ള 36 മിഗ്21 വിമാനങ്ങളാണ് ഇപ്പോള്‍ യാത്രപറയുന്നത്. 2017 നും 2024 നും ഇടയില്‍ മിഗ് 21ന്റെ 4 സ്‌ക്വാഡ്രനുകള്‍ വിരമിച്ചിരുന്നു. ശ്രീനഗര്‍ ആസ്ഥാനമായുള്ള 51ാം സ്‌ക്വാഡ്രന്‍ 2022 ലാണു പ്രവര്‍ത്തനം അവസാനിപ്പിച്ചത്. പാക്കിസ്ഥാന്‍ ബന്ദിയാക്കുകയും പിന്നീടു മോചിപ്പിക്കുകയും ചെയ്ത അഭിനന്ദന്‍ വര്‍ധമാന്‍ ഈ സ്‌ക്വാഡ്രനില്‍ വിങ് കമാന്‍ഡര്‍ ആയിരുന്നു. 2019 ല്‍ പാക്കിസ്ഥാന്റെ നാലാം തലമുറയില്‍പ്പെട്ട യുഎസ് നിര്‍മിത എഫ്16 വിമാനത്തെ വെടിവച്ചിട്ടതിന്റെ നേട്ടവും മിഗ് 21നുണ്ട്.
ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായിരുന്നപ്പോഴും ഒരു പഴി മിഗ്21 യുദ്ധവിമാനങ്ങള്‍ കേട്ടിരുന്നു. 'പറക്കും ശവപ്പെട്ടി' എന്ന ചീത്തപ്പേരായിരുന്നു അത്. ഓടിത്തളര്‍ന്ന മിഗ്21 വിമാനങ്ങള്‍ അനവധി അപകടങ്ങള്‍ക്ക് സമീപ വര്‍ഷങ്ങളില്‍ വഴിവെച്ചതുതന്നെ കാരണം. മിഗ്21 വിമാനങ്ങളുടെ അറ്റകുറ്റപ്പണി ദുസ്സഹമായി. മിഗ്21 അപകടങ്ങളില്‍ നിരവധി പൈലറ്റുമാര്‍ക്കും സിവിലിയന്‍സിനും ജീവന്‍ നഷ്ടമായി. ഇനിയാ പഴയ മിഗ്21 എന്ന ചീറ്റപ്പുലി ഇല്ലെങ്കിലും സാരമില്ല. ഇന്ത്യന്‍ വ്യോമസേന പുത്തന്‍ അത്യാധുനിക യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. മിഗ്21 വിരമിക്കുന്നതിന്റെ തൊട്ടുതലേന്ന് ഇന്ത്യ പുത്തന്‍ തേജസ് വിമാനങ്ങളുടെ കരാര്‍ ഒപ്പിട്ടു. എങ്കിലും, 62 വര്‍ഷം രാജ്യത്തെ കാത്ത മിഗ്21 യുദ്ധവിമാനങ്ങള്‍ക്ക് ബിഗ് സല്യൂട്ട്.
ആകാശത്തെ മികവിനെ ആശ്രയിച്ചാണ് ആധുനിക യുദ്ധങ്ങളെന്ന് ഓപ്പറേഷന്‍ സിന്ദൂറും യുക്രൈന്‍ യുദ്ധവും കാട്ടിത്തരുന്നു. മിഗ് ബൈ പറഞ്ഞതോടെ ഇന്ത്യന്‍ വ്യോമാതിര്‍ത്തി കാക്കാന്‍ പകരക്കാരന്‍ ആരെന്ന ചോദ്യം ഉയരുന്നു. റഫേലെന്ന അഭ്യൂഹങ്ങള്‍ വരുമ്പോഴും തേജസിന്റെ കരുത്തും ചര്‍ച്ചയാകുന്നു. റഫാല്‍ പോര്‍വിമാനങ്ങളുടെ മികവ് ഓപ്പറേഷന്‍ സിന്ദൂറില്‍ വ്യക്തമായിരുന്നു. അതിലെ അത്യാധുനിക ഏവിയോണിക്‌സും ആയുധ സംവിധാനങ്ങളും സേനാ വിദഗ്ധരെ വിസ്മയിപ്പിച്ചു. റഫാലിന്റെ അസാമാന്യമായശേഷികള്‍ വ്യോമയുദ്ധത്തില്‍ തന്ത്രപരമായ മുന്‍തൂക്കം നല്‍കുന്നവയാണെന്ന് അതിനെ അനുകൂലിക്കുന്നവര്‍ പറയുന്നു. പക്ഷേ, റഫാലിനെക്കാള്‍ കുറഞ്ഞ ചെലവില്‍ നമുക്ക് പൂര്‍ണസ്വാതന്ത്ര്യമുള്ള, കൂടുതല്‍ കാര്യക്ഷമവും മാരകവുമായ വിമാനം ഇന്ത്യയില്‍ ഉണ്ടാക്കാമെന്നിരിക്കെ ഇത്രയും വലിയ തുക മുടക്കി വിദേശവിമാനം വാങ്ങേണ്ട കാര്യമുണ്ടോയെന്ന് ചോദിക്കുന്നു, ഒരു വിഭാഗം വിദഗ്ധര്‍. റഫാലിനു പകരമായി തേജസ് എംകെ രണ്ട് വിമാനത്തെയാണ് അവര്‍ എടുത്തുകാട്ടുന്നത്. ഈ പോര്‍വിമാനം സജ്ജമാവുമ്പോള്‍ അത് ആയുധവിപണിയെത്തന്നെ മാറ്റിമറിക്കുമെന്ന് അവര്‍ പറയുന്നു.
തേജസ് എംകെ രണ്ടില്‍ ഉപയോഗിക്കാന്‍ കൂടുതല്‍ സാധ്യത അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് (ജിഇ) കമ്പനിയുടെ എഫ് 414 എന്‍ജിനാണ്. 98 കിലോ ന്യൂട്ടന്‍ കരുത്തുള്ള ഈ എഞ്ചിന്‍ ഉദ്ദേശിച്ചാണത്രെ എംകെ രണ്ട് നിര്‍മിച്ചിട്ടുള്ളത്. എഞ്ചിന്‍ മാറുകയാണെങ്കില്‍ വിമാനം ആകെ അഴിച്ചു പണിയുകയോ, പുതിയൊരു വിമാനം രൂപകല്‍പ്പന ചെയ്യുകയോ വേണ്ടിവരും. അത് വലിയ കാലതാമസത്തിനിടയാക്കും. എഫ് 414 എഞ്ചിന്റെ 80 ശതമാനം സാങ്കേതികവിദ്യ കൈമാറ്റം ചെയ്യാനും ഇന്ത്യയില്‍ നിര്‍മിക്കാനുമുള്ള ധാരണാപത്രത്തില്‍ 2023ലാണ് ജിഇ കമ്പനി ഒപ്പുവച്ചത്, ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത്.
പക്ഷേ, തേജസ് എംകെ ഒന്നിന് വേണ്ട എഫ് 404 എഞ്ചിനുകള്‍ കൈമാറുന്നതില്‍ വലിയ കാലതാമസമുണ്ടായത് ഇന്ത്യയ്ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. 2021ല്‍ ഒപ്പുവെച്ച 48,000 കോടി രൂപയുടെ കരാര്‍ 83 എഞ്ചിനുകള്‍ക്കായിരുന്നു. ഇതിനകം മൂന്നു എഞ്ചിനുകളേ ഇന്ത്യയിലെത്തിയിട്ടുള്ളൂ. ആദ്യത്തേത് എത്തിയത് കഴിഞ്ഞ ജൂലായിലാണ്‌രണ്ടു വര്‍ഷത്തെ കാലതാമസം. അമേരിക്കയുടെ കയറ്റുമതി നിയന്ത്രണങ്ങളും സര്‍ട്ടിഫിക്കേഷന്‍ പ്രശ്‌നങ്ങളുമൊക്കെ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നു. എന്തായാലും ജിഇയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കരാറായാല്‍ 2029ല്‍ ഉല്‍പ്പാദനം ആരംഭിക്കാനാകും. പക്ഷേ, നിലവിലെ രാഷ്ട്രീയ സാഹചര്യം ഉടനെ കരാറുണ്ടാകുന്നതിന് സഹായകമല്ല. ഇന്ത്യയ്‌ക്കെതിരെ പിഴത്തീരുവ ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടം പാകിസ്താനുമായി കൂടുതല്‍ അടുക്കുകയാണ്.
എഫ് 414 ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാത്തതിനാല്‍ ഇന്ത്യ ഫ്രാന്‍സിലെ സാഫ്രാന്‍ എസ്എ കമ്പനിയുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 100125 കിലോന്യൂട്ടന്‍ വരെ കരുത്തുള്ള പോര്‍വിമാന എഞ്ചിന്‍ നിര്‍മിക്കാനാണ് ഇന്ത്യന്‍ അധികൃതര്‍ സാഫ്രാനുമായി സംസാരിക്കുന്നത്. അവ ഇന്ത്യയില്‍ സംയുക്തമായി നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. സാങ്കേതികവിദ്യ പൂര്‍ണമായും കൈമാറാന്‍ സാഫ്രാന്‍ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എഫ് 414ന്റെ കാര്യത്തിലെന്ന പോലെ, ഇന്ത്യയുടെ അഞ്ചാം തലമുറ പോര്‍വിമാനമായ ആംകയുടെ എഞ്ചിന്‍ നിര്‍മാണത്തിനും ഇത് ഉപയോഗിക്കാനാവും.
നിര്‍മ്മാണച്ചെലവ് നോക്കിയാലും സാങ്കേതികമായ മുന്‍തൂക്കം നോക്കിയാലും റഫാലിനെക്കാള്‍ വളരെ മുന്നിലാണ് തേജസ് എംകെ രണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ ഓരോ റഫാലിനും 15 കോടി ഡോളര്‍ (ഏതാണ്ട് 1,320 കോടി രൂപ) വില വരും. ഒരു തേജസ് എംകെ രണ്ടിന് എട്ടുകോടി ഡോളറിന് താഴെ മാത്രമേ വില വരൂ. അതായത് ഒരു റഫാല്‍ വാങ്ങുന്ന വിലയ്ക്ക് തേജസ് എംകെ ടു രണ്ടെണ്ണം വാങ്ങാം. 114 റഫാലിനു വേണ്ടി വരുന്ന രണ്ട് ലക്ഷത്തി പതിനയ്യായിരം കോടി രൂപ ഉണ്ടെങ്കില്‍ ഇന്ത്യയ്ക്ക് 250 തേജസ് എംകെ രണ്ട് വിമാനങ്ങള്‍ വാങ്ങാനാവും. ആറ് സ്‌ക്വാഡ്രണ്‍ റഫാലോ, 12 13 തേജസ് എംകെ രണ്ട് സ്‌ക്വാഡ്രണോ ഏതാണ് വലുതും നല്ലതുമെന്ന ചോദ്യമുയരുന്നു.
തേജസ് എംകെ രണ്ട് മറ്റൊരു വിദേശ വിമാനത്തിനും കഴിയാത്ത ആനുകൂല്യങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നല്‍കുന്നു. പോര്‍വിമാനത്തില്‍ പരിപൂര്‍ണമായ നിയന്ത്രണം കിട്ടും, മോഡിഫിക്കേഷന്‍ വരുത്താന്‍ നിര്‍മാതാവിന്റെ അനുമതി വേണ്ട. അതിനാല്‍ ഇന്ത്യന്‍ ആയുധസംവിധാനങ്ങളെ ഈ പ്ലാറ്റ്‌ഫോമില്‍ അനായാസം ഇണക്കി ചേര്‍ക്കാനാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര എംകെ രണ്ട്, മൂന്ന് എന്നിവ പോലുള്ള ദൃശ്യപരിധിക്ക് പുറത്തുള്ള ആയുധങ്ങള്‍, ബ്രഹ്‌മോസ് എന്‍ജി തുടങ്ങിയവ വിദേശികളുടെ അംഗീകാരമോ അധികച്ചിലവുകളോ ഇല്ലാതെ വിമാനത്തില്‍ ഘടിപ്പിക്കാന്‍ സാധിക്കും. അതിന്റെ മെയിന്റനന്‍സ്, സ്‌പെയര്‍ പാര്‍ട്ട് വാങ്ങല്‍, അപ്‌ഗ്രേഡുകള്‍ തുടങ്ങിയവയെല്ലാം ഇന്ത്യക്കുള്ളില്‍ തന്നെ നടത്താന്‍ കഴിയും.
ഈ തേജസ് വിമാനത്തിന്റെ ഏറ്റവും വലിയ മേന്മ റഡാര്‍ സാങ്കേതികവിദ്യയിലാണ്. അതില്‍ ഇന്ത്യന്‍നിര്‍മ്മിതമായ എഇഎസ്എ (ആക്ടീവ് ഇലക്ട്രോണിക്കലി സ്‌കാന്‍ഡ് അറേ പോര്‍വിമാനങ്ങളിലും പടക്കപ്പലുകളിലും നിരീക്ഷണസംവിധാനങ്ങളിലും ഉപയോഗിക്കുന്ന അത്യാധുനിക റഡാര്‍ സംവിധാനം) ഘടിപ്പിച്ചിട്ടുണ്ട്. ഗാലിയം നൈട്രൈഡ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ റഡാര്‍ വികസിപ്പിച്ചത് ഡിആര്‍ഡിഒ ആണ്. റഫാലിലെ റഡാര്‍ പഴയകാലത്തെ ഗാലിയം ആര്‍സെനൈറ്റ് ടെക്‌നോളജി ആണ് ഉപയോഗിക്കുന്നത്. ഉത്തം റഡാര്‍ ഉപയോഗിക്കുന്ന എംകെ രണ്ടിന് കൂടുതല്‍ ഊര്‍ജ്ജക്ഷമത ഉണ്ടാകും, 200 കിലോമീറ്റര്‍ പരിധിയില്‍ വരുന്ന എതിരാളി പോര്‍വിമാനങ്ങളെ തിരിച്ചറിയാനാകും, നിലവിലുള്ള റഡാര്‍ സിസ്റ്റത്തെക്കാള്‍ ഫലപ്രദമായി ഇലക്ട്രോണിക് ജാമിങ്ങിനെ ചെറുക്കാനുമാകും. എം.കെ രണ്ടിന് 2026ല്‍ പറക്കാനാകും, പക്ഷേ, സമാനമായ ടെക്‌നോളജിയുമായി സര്‍വീസില്‍ പ്രവേശിക്കാന്‍ 2033ല്‍ മാത്രമേ റഫാലിനാവൂ. മുമ്പ് റഫാലിന്റെ കാര്യത്തിലുണ്ടായ അനിശ്ചിതത്വവും കാലതാമസവും തേജസ് എംകെ രണ്ടിന്റെ കാര്യത്തില്‍ ഉണ്ടാവില്ലെന്ന് കരുതാം. 2007ല്‍ 42,000 കോടി രൂപ ചിലവില്‍ 126 പോര്‍വിമാനങ്ങള്‍ വാങ്ങാനായിരുന്നു പ്രൊപ്പോസല്‍. വര്‍ഷങ്ങള്‍ നീണ്ട വിലയിരുത്തലിനും വിലപേശലിനും ശേഷം റഫാലാണ് തിരഞ്ഞെടുക്കപ്പെട്ടത്. പക്ഷേ, വിലത്തര്‍ക്കവും മറ്റും കാരണം കരാര്‍ നീണ്ടുപോയി. ഒടുവില്‍ 2016ലാണ് 36 റഫാലുകള്‍ 7.87 ബില്യന്‍ ഡോളറിന് വാങ്ങാന്‍ കരാറായത്. ഒടുവില്‍ ആ വിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമായത് 2020നും 22നും ഇടയ്ക്കും.
https://www.facebook.com/Malayalivartha


























