ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 12-കാരിയെ 20 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച പെൺവാണിഭ സംഘം പിടിയിൽ; ആദ്യമായി ആര്‍ത്തവമുണ്ടായ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസികരോഗങ്ങള്‍ ഉള്‍പ്പെടെ ഭേദമാകുമെന്ന് പരസ്യം...

ആദ്യമായി ആര്‍ത്തവമുണ്ടായ പെണ്‍കുട്ടിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ മാനസികരോഗങ്ങള്‍ ഉള്‍പ്പെടെ ഭേദമാകും. ഈ ഒരു പരസ്യത്തിന് പിന്നാലെ അരങ്ങേറിയ സംഭവമാണ് ഇപ്പോൾ നാട്ടുകാരെ നടുക്കിയിരിക്കുന്നത്. ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 12-കാരിയെ 20 ലക്ഷം രൂപയ്ക്ക് വിൽക്കാൻ ശ്രമിച്ച പെൺവാണിഭ സംഘം പിടിയിലായി. മൈസൂരുവിന് സമീപം വിജയനഗരത്തിലാണ് സംഭവം. പെൺവാണിഭ സംഘത്തെ നിയന്ത്രിച്ചിരുന്നത് ബെംഗളൂരുവിലെ ശോഭ എന്ന സ്ത്രീയും, അവളുടെ ആണ്‍സുഹൃത്ത് തുളസീകുമാറുമാണ്. ഇവരെ വിജയനഗര പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ സുരക്ഷിതമായി മോചിപ്പിച്ച് കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിരിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഉപയോഗിച്ച് നടത്തുന്ന ഇത്തരം സംഘങ്ങളെ നേരത്തെ ശ്രദ്ധയിൽപ്പെടുത്തിയിരുന്ന സന്നദ്ധസംഘടന ‘ഒടനാടി സേവ സമസ്തേ’യുടെ ഇടപെടലിലൂടെയാണ് ഈ രക്ഷാപ്രവർത്തനം നടന്നത്.
ശോഭയും തുളസീകുമാറും പെൺകുട്ടിയെ വാട്‌സാപ്പിലൂടെ 20 ലക്ഷം രൂപയ്ക്കായി വിൽപ്പനയ്ക്ക് വെച്ചിരുന്നു. "ആദ്യം ആര്‍ത്തവമുണ്ടായ പെൺകുട്ടിയാണിതെന്നും, അവളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ മാനസികരോഗങ്ങൾ ഉൾപ്പെടെ മാറുമെന്നുമുള്ള" വ്യാജവാദങ്ങളോടെയാണ് പരസ്യം പ്രചരിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും ചിലർക്കായി ഷെയർ ചെയ്തതായും തെളിഞ്ഞു.
സംഭവം ശ്രദ്ധയിൽപ്പെട്ട സന്നദ്ധസംഘടന അംഗങ്ങൾ ഇടപാടുകാരനെന്ന വ്യാജേന ശോഭയുമായി ബന്ധപ്പെട്ടു. വിശ്വാസം നേടിയ ശേഷം പ്രതികളെ പെൺകുട്ടിയുമായി മൈസൂരുവിലേക്ക് വരുത്തി. ഇതിനിടെ പോലീസ് തയ്യാറായിരുന്നതിനാൽ ഇടപാടിനിടെ തന്നെ ശോഭയെയും തുളസീകുമാറിനെയും പിടികൂടാനായി. പോലീസിനോട് ആദ്യം പെൺകുട്ടി സ്വന്തം മകളാണെന്ന് ശോഭ അവകാശപ്പെട്ടെങ്കിലും, പിന്നീട് ബന്ധുവാണെന്നും വളർത്തുമകളാണെന്നും പറഞ്ഞ് മൊഴി മാറ്റി. എന്നാൽ അന്വേഷണത്തിൽ അവയുടെ സത്യാവസ്ഥ തെറ്റാണെന്ന് തെളിഞ്ഞു.
https://www.facebook.com/Malayalivartha























