ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതിയുടെ വനിതാ സഹായികള്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ആള്‍ദൈവം ചൈതന്യാനന്ദ സരസ്വതിയുടെ വനിതാ സഹായികള്‍ അറസ്റ്റിലായത്. മൂന്ന് വനിതാ സഹായികളാണ് പിടിയിലായത്. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിലെ അസോസിയേറ്റ് ഡീന്‍ ശ്വേത ശര്‍മ, സീനിയര്‍ ഫാകല്‍റ്റി മെംബര്‍ കാജല്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഭാവന കപില്‍ എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടികളെ ചൈതന്യാനന്ദയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാന്‍ പ്രേരിപ്പിച്ചെന്നും ഇയാള്‍ക്കെതിരായ തെളിവുകള്‍ ഇല്ലാതാക്കിയെന്നുമാണ് ഇവര്‍ക്കെതിരായ പരാതി. തട്ടിക്കൊണ്ടുപോകല്‍, വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. ചൈതന്യാനന്ദയുടെ കല്‍പനകള്‍ അനുസരിച്ചാണ് തങ്ങള്‍ അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ സമ്മര്‍ദത്തിലാക്കിയതെന്ന് മൂവരും പറഞ്ഞു.
അതേസമയം, കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി തീര്‍ന്നതോടെയാണ് പാട്യാല ഹൗസ് കോടതിയുടെ നടപടി.
ശ്രീ ശാരദാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാനാണ് പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതി. ഇവിടുത്തെ വിദ്യാര്‍ഥികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. ഞായറാഴ്ചയാണ് ആഗ്രയിലെ ഹോട്ടലില്‍ നിന്ന് ഇയാള്‍ പിടിയിലായത്. മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐപാഡും ഇയാളില്‍ നിന്ന് കണ്ടെടുത്തു. ഇതില്‍ ക്യാമ്പസിലെയും ഹോസ്റ്റലുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ കാണാനാവുന്ന ഫോണും ഉള്‍പ്പെടുന്നു. ശ്രീ ശാരദാ ഇന്‍സ്റ്റിറ്റിയൂട്ടിലെ 17 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ചൈതന്യാനന്ദ സരസ്വതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ചൈതന്യാനന്ദയുമായി ബന്ധപ്പെട്ട എട്ട് കോടി രൂപ പൊലീസ് മരവിപ്പിച്ചിരുന്നു. ഇയാള്‍ക്കെതിരെ കൂടുതല്‍ കണ്ടെത്തലുകള്‍ പുറത്തുവന്നിരുന്നു. ഉന്നത അന്താരാഷ്ട്ര നയതന്ത്രജ്ഞനാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ചൈതന്യാനന്ദ സരസ്വതി വ്യാജ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ചെന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തിയത്.
ചൈതന്യാനന്ദയുടെ കൈയില്‍ നിന്നും രണ്ട് വ്യാജ ഐഡി കാര്‍ഡുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം അംബാസഡര്‍, ഇന്ത്യയുടെ പ്രത്യേക ദൂതന്‍, ബ്രിക്‌സ് രാജ്യങ്ങളുടെ ജോയിന്റ് കമ്മീഷന്‍ അംഗം എന്നിങ്ങനെ വിശേഷങ്ങളുള്ള കാര്‍ഡുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കാര്‍ഡുകള്‍ പൂര്‍ണമായും വ്യാജമാണെന്നും ഇയാള്‍ക്ക് അവയുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതര്‍ പറഞ്ഞു.ഇതിന് പുറമേ ശാരദാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ട്രസ്റ്റില്‍ 122 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണവുമുണ്ട്. ഒന്നിലധികം എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതിനെ പിന്നാലെ ആഗസ്റ്റ് മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. നിരവധി വിദ്യാര്‍ഥിനികളാണ് സ്വാമി ചൈതന്യാനന്ദയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ലൈംഗികമായി ഉപദ്രവിച്ചു, ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ചു, മോശം സന്ദേശങ്ങള്‍ അയച്ചു എന്നിങ്ങനെയാണ് വിദ്യാര്‍ഥികളുടെ പരാതി.
ചൈതന്യാനന്ദ സരസ്വതി വിദ്യാര്‍ഥിനികളെ വലയില്‍ വീഴ്ത്താന്‍ നടത്തിയ കൂടുതല്‍ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിരുന്നു. വിദ്യാര്‍ഥിനികളിലൊരാളുമായി ചൈതന്യാനന്ദ നടത്തിയ ലൈംഗികച്ചുവയുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. വിദ്യാര്‍ഥിനികളെ ലൈംഗികമായി മാത്രമല്ല, സോഷ്യല്‍മീഡിയയിലൂടെയും ചൂഷണം ചെയ്തിരുന്നു എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ചാറ്റുകള്‍. 'ഒരു ദുബൈ ഷെയ്ഖിന് സെക്‌സ് പാര്‍ട്‌നറെ ആവശ്യമുണ്ട്' എന്നും 'അതിനു പറ്റിയ ഏതെങ്കിലും കൂട്ടുകാരി നിനക്കുണ്ടോ' എന്നും ഇയാള്‍ ഒരു വിദ്യാര്‍ഥിനിയോട് ചോദിക്കുന്നതടക്കമുള്ള ചാറ്റുകളാണ് പുറത്തുവന്നത്. നേരത്തെയും ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്കയച്ച അശ്ലീലസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha


























