ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞു; സ്പീക്കര്‍ക്ക് കത്ത് അയച്ച് രാഹുല്‍ ഗാന്ധി

ലോക്‌സഭയില്‍ സംസാരിക്കുന്നതില്‍ നിന്ന് തന്നെ തടയുന്നത് കീഴ്വഴക്കത്തിന്റെ ലഘനമാണെന്ന് സ്പീക്കര്‍ക്ക് കത്ത് അയച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശസുരക്ഷ വിഷയങ്ങളെ കുറിച്ച് സംസാരിക്കുന്നത് തടയാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഇത് ആശങ്ക ഉയര്‍ത്തുന്നു എന്നും സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.
തന്നെ സംസാരിക്കുന്നതില്‍ നിന്ന് തടയുന്നത് കീഴ്വഴക്കത്തിന്റെ ലംഘനം മാത്രമല്ല, മനഃപൂര്‍വമായ ശ്രമം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ അംഗത്തിനും സംസാരിക്കാനുള്ള അവകാശം നമ്മുടെ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമാണ്. ഈ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നത് അഭൂതപൂര്‍വമായ സാഹചര്യത്തിലേക്ക് നയിച്ചു.
പാര്‍ലമെന്ററി ചരിത്രത്തില്‍ ആദ്യമായി, സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം, സംസാരിക്കുന്നത് തടയാന്‍ സ്പീക്കര്‍ നിര്‍ബന്ധിതനായി. ഇത് നമ്മുടെ ജനാധിപത്യത്തിന്മേലുള്ള കളങ്കമാണ്, ഇതിനെതിരെ ഞാന്‍ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു.
ഇന്ത്യ യുഎസ് വ്യാപാര കരാറിലൂടെ പ്രധാനമന്ത്രി രാജ്യത്തെ വിറ്റുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മുടങ്ങിക്കിടന്ന യുഎസ് ഇന്ത്യ വ്യാപാര കരാറില്‍ ഇന്നലെ രാത്രി നരേന്ദ്രമോദി ഒപ്പുവച്ചു. കടുത്ത സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയാണ് മോദി കരാറില്‍ ഒപ്പുവച്ചത്. തന്റെ പ്രതിച്ഛായ തകര്‍ന്നേക്കാമെന്നാണ് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റിന് പുറത്ത് പറഞ്ഞു.
'പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്തു എന്നതാണ് പ്രധാന കാര്യം. പൊതുജനങ്ങള്‍ ഇതിനെക്കുറിച്ച് ചിന്തിക്കണം. രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടി പറയുന്നതില്‍ നിന്ന് തന്നെ തടഞ്ഞു. ഈ വ്യാപാര കരാറിലൂടെ നരേന്ദ്രമോദി നിങ്ങളുടെ കഠിനാധ്വാനം വിറ്റു. കര്‍ഷകരുടെ താത്പര്യങ്ങള്‍ വിറ്റു. രാജ്യത്തെ തന്നെ വിറ്റു' അദ്ദേഹം വ്യക്തമാക്കി. 'നരേന്ദ്രമോദി അസ്വസ്ഥനാണ്. അദ്ദേഹത്തിന് ഭയമാണ്.
കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയവര്‍ തന്നെ ഇപ്പോള്‍ അത് തകര്‍ക്കുന്നു. അദാനിക്കെതിരെ യുഎസില്‍ കേസുണ്ട്. അത് യഥാര്‍ഥത്തില്‍ മോദിക്കെതിരായ കേസാണ്. അമേരിക്ക ഇതുവരെ പുറത്തുവിടാത്ത കൂടുതല്‍ വിവരങ്ങള്‍ എപ്സ്റ്റീന്‍ ഫയലുകളിലുണ്ട്. അതുമൂലവും മോദിക്ക് സമ്മര്‍ദവുമുണ്ട്. സമ്മര്‍ദത്തിന് പിന്നിലെ ഈ രണ്ട് പോയിന്റുകള്‍ രാജ്യം മനസിലാക്കണം' രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























