'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട പങ്കാളിയില്‍ നിന്നും പത്തൊന്‍പതുകാരിയായ ബിഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. ലിവിന്‍ പങ്കാളിയായ ഡല്‍ഹി സ്വദേശി ശിവമാണ് ത്രിപുര സ്വദേശിനിയായ പെണ്‍കുട്ടിയെ അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയാക്കിയത്. സംഭവത്തില്‍ പ്രതിയെ ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗുരുഗ്രാമിലെ സ്വകാര്യ സര്‍വകലാശാലയില്‍ ബിഎസ്‌സി ബയോടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി, സെക്ടര്‍ 69ലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്താണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഡേറ്റിംഗ് ആപ്പ് വഴിയാണ് പ്രതിയായ ശിവത്തെ പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയും ഒന്നിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. വിവാഹം കഴിക്കണമെന്ന ധാരണയിലായിരുന്നു ഇരുവരും മുന്നോട്ട് പോയിരുന്നതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
എന്നാല്‍, താമസിയാതെ ശിവന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ പ്രകടമായി. പെണ്‍കുട്ടി തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ച ഇയാള്‍ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കാന്‍ തുടങ്ങി. ഫെബ്രുവരി 16ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ക്രൂരമായ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. സ്റ്റീല്‍ കുപ്പിയും പാത്രങ്ങളും ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്ക്കടിക്കുകയും ചുമരില്‍ ഇടിപ്പിക്കുകയും ചെയ്ത പ്രതി, കത്തി ഉപയോഗിച്ച് കാലുകളില്‍ മാരകമായ മുറിവുകളുണ്ടാക്കി. 'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ഈ ക്രൂരത. ഇതിനുപിന്നാലെ പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീക്കൊളുത്തി കൊല്ലാനും പ്രതി ശ്രമം നടത്തി.
ക്രൂരമായ പീഡനത്തിന് ശേഷം വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോകള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം രണ്ട് ദിവസത്തോളം മുറിക്കുള്ളില്‍ കഴിഞ്ഞ പെണ്‍കുട്ടി, ഒടുവില്‍ പ്രതിയുടെ ഫോണ്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി അമ്മയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മ നല്‍കിയ വിവരമനുസരിച്ച് പോലീസ് സംഭവസ്ഥലത്തെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























