12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 4 അധ്യാപകരും പ്യൂണും അറസ്റ്റില്‍

പന്ത്രണ്ടു വയസുകാരിയായ വിദ്യാര്‍ഥിനിയെ തുടര്‍ച്ചയായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകര്‍ ഉള്‍പ്പെടെ 5 ജീവനക്കാര്‍ അറസ്റ്റില്‍. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലുള്ള ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകരായ ചന്ദന്‍ കുമാര്‍ പ്രസ്റ്റി (37), ബിശ്വ രഞ്ജന്‍ സാഹു (31), രശ്മി കാന്ത ബിശ്വാള്‍ (47), മിനതി ബായ് (34), പ്യൂണ്‍ രശ്മി രഞ്ജന്‍ റാണ (32) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യത്തിന് സഹായിച്ചെന്ന കുറ്റമാണ് അധ്യാപികയായ മിനതി ബായ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്‌സോ നിയമത്തിലെ 4, 6 വകുപ്പുകളും ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പൊലീസ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികള്‍ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും തുടര്‍ച്ചയായി മകളെ ഉപദ്രവിച്ചുവെന്ന് കാട്ടി പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ രേഖാമൂലം പരാതി നല്‍കുകയായിരുന്നു. ജനുവരി 14 നാണ് പീഡനവിവരം മകള്‍ വെളിപ്പെടുത്തിയതെന്ന് പരാതിയില്‍ പറയുന്നു. വീട്ടിലെത്തിയ മകള്‍ കരയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരമാരാഞ്ഞപ്പോഴാണ് ദുരനുഭവം വെളിപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ഒരു മാസത്തിലേറെ കഴിഞ്ഞാണ് പരാതി നല്‍കിയത്. അതിജീവിതയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മനഃശാസ്ത്ര കൗണ്‍സിലിങ് നല്‍കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























