എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകം പിന്‍വലിച്ച് എന്‍സിഇആര്‍ടി

നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമര്‍ശമുള്ള എട്ടാം ക്ലാസിലെ സോഷ്യല്‍ സയന്‍സ് പാഠപുസ്തകം എന്‍സിആര്‍ടി പിന്‍വലിച്ചു. സുപ്രീംകോടതിയുടെയും അഭിഭാഷകരുടെയും കടുത്ത വിമര്‍ശനത്തെത്തുടര്‍ന്നാണ് നടപടി. ചൊവ്വാഴ്ചയാണ് പുസ്തകം വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്. ഡല്‍ഹിയിലെ എന്‍സിഇആര്‍ടി ബുക്ക് കൗണ്ടറുകളില്‍ നിന്ന് പുസ്തകം നീക്കം ചെയ്തതായും അധികൃതര്‍ സ്ഥിരീകരിച്ചു.
സമൂഹത്തില്‍ നീതിന്യായ വ്യവസ്ഥയുടെ പങ്ക് എന്ന എട്ടാം ക്ലാസ് എന്‍സിആര്‍ടി പാഠപുസ്തകത്തിലെ നാലാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത്, കോടതികളില്‍ കേസുകള്‍ കുന്നുകൂടി കിടക്കുന്നതിനോടൊപ്പം അഴിമതിയും ഒരു വെല്ലുവിളിയായി ഉള്‍പ്പെടുത്തിയിരുന്നു.
വിഷയം ബുധനാഴ്ച സുപ്രീം കോടതിയില്‍ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും അഭിഷേക് മനു സിംഗ്‌വിയും ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. നീതിന്യായ വ്യവസ്ഥയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, വിഷയത്തില്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് പിഴവില്‍ എന്‍സിഇആര്‍ടി ഖേദം പ്രകടിപ്പിച്ചു. അപ്രായോഗികമായ കാര്യങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെട്ടത് ബോധപൂര്‍വമല്ലെന്നും ഒരു ഭരണഘടനാ സ്ഥാപനത്തെയും താഴ്ത്തിക്കെട്ടാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും എന്‍സിഇആര്‍ടി പ്രസ്താവനയില്‍ പറഞ്ഞു. വിവാദ ഭാഗങ്ങള്‍ പുനഃപരിശോധിക്കുമെന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി 2026-27 അധ്യായന വര്‍ഷത്തില്‍ പുതിയ പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























