കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'

കൃഷി, ഗ്രാമീണ ഉപജീവനമാർഗങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കുന്ന താപതരംഗങ്ങൾ, പ്രളയം, വരൾച്ച, ചുഴലിക്കാറ്റുകൾ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളെ മുൻകൂട്ടി അറിയാനും അവയെ പ്രതിരോധിക്കാനുമുള്ള അത്യാധുനിക സാങ്കേതിക മാതൃകകൾ വികസിപ്പിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ വിവിധ ഇടങ്ങളിലായി ചിതറിക്കിടക്കുന്ന കാലാവസ്ഥാ വിവരങ്ങളെ ഏകോപിപ്പിച്ച്, അടുത്ത 10-15 വർഷത്തേക്കുള്ള മാറ്റങ്ങൾ കൃത്യമായി പ്രവചിക്കാൻ കഴിയുന്ന ഒരു ഏകീകൃത ഡിജിറ്റൽ സംവിധാനം ഇതിലൂടെ നിലവിൽ വരും.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കൂടുതൽ കരുത്തുറ്റ ഒരു ഗ്രാമീണ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് ഈ നീക്കമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കെ.വി. വ്യക്തമാക്കി. ഗവേഷണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, സ്റ്റാർട്ടപ്പുകൾ, സ്വകാര്യ മേഖലയിലെ വിദഗ്ധർ എന്നിവർക്ക് ഈ ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്. അപേക്ഷകൾ 2026 മാർച്ച് 6 മുതൽ സ്വീകരിച്ചു തുടങ്ങും. തിരഞ്ഞെടുക്കപ്പെടുന്ന ടീമുകൾക്ക് ആറ് മുതൽ എട്ട് ആഴ്ച വരെ നീളുന്ന വിദഗ്ധ പരിശീലനവും അവരുടെ മാതൃകകൾ പരിഷ്കരിക്കാനുള്ള അവസരവും ലഭിക്കും. മികച്ച മൂന്ന് പരിഹാരങ്ങൾ സമർപ്പിക്കുന്ന ടീമുകൾക്ക് യഥാക്രമം 15 ലക്ഷം, 10 ലക്ഷം, 5 ലക്ഷം രൂപ വീതം പുരസ്കാരം ലഭിക്കും. നബാർഡിന്റെ കാലാവസ്ഥാ ഡാറ്റാ പ്ലാറ്റ്‌ഫോമായ 'ഡിക്ര' (DiCRA) വഴിയാണ് ഈ പദ്ധതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി www.climatestackinnovationchallenge.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
"
https://www.facebook.com/Malayalivartha























