മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് വിരമിക്കാന്‍ 10 ദിവസം ബാക്കിനില്‍ക്കെ ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പീഡനം ആരോപിച്ച് സാമൂഹികക്ഷേമ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ മല്ലികാര്‍ജുന്‍ തൂങ്ങിമരിച്ചു. കര്‍ണാടകയിലെ തുമകുരു ജില്ലയിലെ പാവഗഡയിലാണ് സംഭവം. മരിക്കുന്നതിനു തൊട്ടുമുമ്പ് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച വിഡിയോയില്‍, വകുപ്പിലെ ജില്ലാ ഡയറക്ടറായ കൃഷ്ണപ്പയുടെ പീഡനം മൂലമാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പാവഗഡ താലൂക്കിലെ ഗുണ്ടര്‍ലഹള്ളി സ്വദേശിയാണ് മല്ലികാര്‍ജുന്‍. പാവഗഡ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തന്റെ കുടുംബം തന്നെ നന്നായി നോക്കിയെന്നും എന്നാല്‍ തനിക്ക് അവരെ സഹായിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും വിഡിയോയില്‍ മല്ലികാര്‍ജുന്‍ പറയുന്നു. ''സാമൂഹികക്ഷേമ വകുപ്പിലെ കൃഷ്ണപ്പയുടെ പീഡനം കാരണമാണ് ഞാന്‍ മരിക്കുന്നത്. ദൈവം അയാളെ ശിക്ഷിക്കും. അയാളുടെ കുടുംബം തെറ്റുകാരല്ലാത്തതിനാല്‍ എന്റെ കുടുംബാംഗങ്ങള്‍ അവരോട് പ്രതികാരം ചെയ്യരുത്. ദൈവവും നിയമവും അയാളെ ശിക്ഷിക്കട്ടെ'' – മല്ലികാര്‍ജുന്‍ വിഡിയോയില്‍ പറഞ്ഞു.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ കൃഷ്ണപ്പ നിഷേധിച്ചു. ബെംഗളൂരുവിലെ സാമൂഹികക്ഷേമ വകുപ്പ് ആസ്ഥാനത്ത് നിന്ന് ലഭിച്ച ക്രമക്കേട് പരാതിയുടെ അടിസ്ഥാനത്തില്‍ മല്ലികാര്‍ജുനു നോട്ടിസ് നല്‍കിയിരുന്നതായും ഇതില്‍ അന്വേഷണം നടക്കാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മല്ലികാര്‍ജുന്റെ വിരമിക്കലിനു പത്തുദിവസം മാത്രം ബാക്കിനില്‍ക്കെ അദ്ദേഹത്തിന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങളെ ബാധിക്കുന്ന ഒന്നും ചെയ്തിട്ടില്ലെന്നും താന്‍ പെന്‍ഷന്‍ ശുപാര്‍ശ പരിശോധിച്ചു നല്‍കിയിരുന്നതായും കൃഷ്ണപ്പ വ്യക്തമാക്കി. മരണം സംശയാസ്പദമാണെന്നും സത്യം പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























