മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ചു. നാളെ വൈകിട്ട് 6:30ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചേരുന്ന യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭരണത്തലവന്മാര്‍ പങ്കെടുക്കും. മേഖലയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ ഇന്ത്യയിലുണ്ടാക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങള്‍ നേരിടാന്‍ സജ്ജമാകുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം.
യുദ്ധം ആഗോള തലത്തില്‍ സൃഷ്ടിക്കുന്ന സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ ഇന്ത്യയെ ബാധിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികളാണ് യോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക. വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഒഴിവാക്കുക, രാജ്യത്തെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. ഇന്ധന വിലക്കയറ്റം തടയുന്നതിനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സ്വീകരിക്കേണ്ട നിലപാടുകള്‍ യോഗത്തില്‍ രൂപീകരിക്കും.
വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളും യോഗം ഗൗരവമായി പരിഗണിക്കും. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, സാഹചര്യം വഷളായാല്‍ അവരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനുമുള്ള ഏകോപിത പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ഇതിനായി സംസ്ഥാനങ്ങളിലെ നോര്‍ക്ക പോലുള്ള സംവിധാനങ്ങളെ സജ്ജമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയേക്കും.
https://www.facebook.com/Malayalivartha

























