വിജയ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ടി വി കെയ്ക്ക് ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണര്‍; നിലവില്‍ ഭൂരിപക്ഷത്തിന് നാലുസീറ്റുകളുടെ കുറവാണ് വിജയ്ക്ക് ഉള്ളത്

വിജയ്ക്ക് മന്ത്രിസഭ രൂപീകരിക്കാന്‍ ആവശ്യമായ ഭൂരിപക്ഷമില്ലെന്നാണ് തമിഴ്‌നാട് ഗവര്‍ണറുടെ ചുമതലയുള്ള രാജേന്ദ്ര ആര്‍ലേക്കര്‍ പറയുന്നത്. ഇക്കാര്യം അദ്ദേഹം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ഇന്നലെ വിജയ് ഗവര്‍ണറെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപീകരിക്കാനുളള അവകാശവാദം ഉന്നയിച്ചിരുന്നു. 14 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കാമെന്നാണ് അറിയിച്ചത്. എന്നാല്‍ ഭൂരിപക്ഷം തെളിയിച്ചശേഷം സത്യപ്രതിജ്ഞ മതിയെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.
112 സീറ്റുകളാണ് ടി വി കെയ്ക്കുള്ളത്. അഞ്ച് സീറ്റുള്ള കോണ്‍ഗ്രസും, രണ്ട് സീറ്റുകളുള്ള വി സി കെ വിജയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 118 പേരുടെ പിന്തുണയാണ് വേണ്ടത്. നിലവില്‍ കേവല ഭൂരിപക്ഷത്തിന് നാലുസീറ്റുകളുടെ കുറവാണ് വിജയ്ക്ക് ഉള്ളത്. പിന്തുണ ആവശ്യപ്പെട്ട് എന്‍ ഡി എയ്ക്ക് ഒപ്പമുള്ള കക്ഷികളെ സമീപിക്കേണ്ട എന്നാണ് ടി വി കെയുടെ തീരുമാനം.
ഇന്ന് രാവിലെ ഗവര്‍ണര്‍ നേരിട്ട് വിജയ്‌യെ ലോക്ഭവനിലേക്ക് ക്ഷണിക്കുകയായിരുന്നു. അരമണിക്കൂറിലധികം ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ഈ കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വിജയ്ക്ക് അനുമതി നല്‍കി എന്ന നിലയില്‍ പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അല്പംമുമ്പാണ് ലോക്ഭവന്‍ ഒറ്റവരി വാര്‍ത്താക്കുറിപ്പ് ഇറക്കിയത്. മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം വിജയ്‌യുടെ പാര്‍ട്ടിക്ക് ഇല്ലെന്നാണ് ഇതില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഗവര്‍ണറുടെ മറുപടി വന്നതിനുപിന്നാലെ സി പി എം, സി പി ഐ കക്ഷികളുടെ പിന്തുണ ഉറപ്പാക്കാന്‍ ടി വി കെ ശ്രമം തുടങ്ങിയിട്ടുണ്ട്. ടി വി കെ നേതാവ് നിര്‍മല്‍ കുമാര്‍ പാര്‍ട്ടി ഓഫീസുകളില്‍ നേരിട്ടെത്തി പിന്തുണ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ പിന്തുണ ആവശ്യപ്പെട്ട് രണ്ടുപാര്‍ട്ടികള്‍ക്കും കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉണ്ടാകാന്‍ സഹായിക്കാമെങ്കില്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. നാളെ യോഗം ചേര്‍ന്നശേഷം തീരുമാനം പറയാമെന്ന് സി പി എമ്മും സി പി ഐയും ടി വി കെയെ അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























