27 വർഷം; ഇന്ത്യയ്ക്ക് വേണ്ടി ആ കൊടുംതണുപ്പിൽ പോലും പൊരുതിയ ധീരർ...രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയം വെച്ച ധീരജവാന്മാരുടെ വീരതയെ സ്മരിക്കുന്ന ദിനം കാർഗിൽ വിജയ് ദിവസ്

അവരുടെ ത്യാഗം നമ്മുടെ സ്വാതന്ത്ര്യത്തിന്റെ വിലയാണ്... അവരുടെ ധൈര്യമാണ് നമ്മുടെ അഭിമാനം. 1999-ൽ കാർഗിലിലെ മഞ്ഞുമലകളിൽ നടന്ന യുദ്ധത്തിൽ, രാജ്യത്തിന്റെ അഭിമാനവും പരമാധികാരവും കാത്തുസൂക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയംവെച്ച ധീരജവാന്മാരുടെ വീരതയെ സ്മരിക്കുന്ന ദിനം. കാർഗിൽ വിജയ് ദിവസ് . ഇന്ത്യയുടെ ചരിത്രവിജയത്തിന് 27 വർഷം .
ഓപ്പറേഷൻ വിജയ്’ എന്ന് ഇന്ത്യൻ സൈന്യം പേരിട്ട ഈ യുദ്ധത്തിൽ, പാക് സൈന്യം ചതിയിലൂടെ പിടിച്ചെടുത്ത തന്ത്രപ്രധാന കൊടുമുടികൾ ഒന്നൊന്നായി തിരിച്ചുപിടിച്ചതിന്റെ ധീരോജ്ജ്വല ഓർമ്മകൾ. അത് ശ്രീനഗർ-ലേ ദേശീയപാതയോരത്തെ കാർഗിൽ, ദ്രാസ് മലയോരഗ്രാമങ്ങളും പ്രദേശങ്ങളും കൊണ്ടാടുകയാണ്. ചുറ്റിലുമുള്ള ടൊളോളിൻ കുന്നും ബത്ര പോയിന്റ്, ഗൺ പോയിന്റ് കുന്നുകളുമടക്കം തന്ത്രപ്രധാന കേന്ദ്രങ്ങൾ ഓരോന്നായി പാകിസ്താനിൽനിന്ന് തിരിച്ചുപിടിച്ചാണ് ദുർഘടസാഹചര്യങ്ങളെ അതിജീവിച്ച് ഇന്ത്യൻ സൈന്യം വീരഗാഥ രചിച്ചത്. ശൈത്യകാലത്ത് മൈനസ് 50 ഡിഗ്രിവരെ താപനില താഴുന്ന ഇവിടങ്ങളിൽ ഉയരമുള്ള മഞ്ഞുമലകൾ പ്രത്യക്ഷപ്പെടും. പ്ര
തികൂലാവസ്ഥ കണക്കിലെടുത്ത് ഇന്ത്യ-പാകിസ്താൻ പരസ്പരധാരണപ്രകാരം ശൈത്യകാലങ്ങളിൽ താഴ്‌ഭാഗത്തേക്ക് സൈനികരെ മാറ്റാറുണ്ട്. ഇത് അവസരമായെടുത്താണ് 1999-ൽ പാക് സൈന്യം നുഴഞ്ഞുകയറ്റക്കാരെ വിട്ടും പിന്നീട് സൈനികരെത്തന്നെ അയച്ചും അതിർത്തി നിയന്ത്രണരേഖയോട് ചേർന്നുള്ള ഈ തന്ത്രപ്രധാന കുന്നുകൾ കൈയടക്കിയത്. പ്രദേശങ്ങളിലെത്താറുള്ള ആട്ടിടയൻമാരാണ് 99-ലെ വേനൽക്കാലത്ത് ഇത് കണ്ടെത്തി വിവരം സൈന്യത്തെ ധരിപ്പിച്ചത്. ഇത് തിരിച്ചുപിടിക്കാനായി ഇന്ത്യൻ സൈന്യം നടത്തിയ രണ്ടുമാസംനീണ്ട പോരാട്ടമാണ് കാർഗിൽ യുദ്ധം.
വ്യോമ-നാവിക സേനകളുടെകൂടി കരുനീക്കങ്ങളിലൂടെ ഇന്ത്യൻ സൈന്യം മുന്നേറിയപ്പോൾ പാകിസ്താൻ തോൽവി സമ്മതിച്ചു. ഈ യുദ്ധത്തിൽ ഇന്ത്യക്കായി ജീവൻ ബലിയർപ്പിച്ച 527 സൈനികരുടെ ഓർമ്മപുതുക്കൽ ദിനമാണ് ഞായറാഴ്ച. ഉയരമേറിയ, ദുർഘട ഭൂപ്രദേശങ്ങളിൽനടന്ന ലോകത്തെത്തന്നെ ആദ്യത്തെ യുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യ പാകിസ്താനെതിരേ വിജയംനേടിയതിന്റെ 27-ാം വാർഷികം ഞായറാഴ്ച.
https://www.facebook.com/Malayalivartha























