സ്കൂളിലെ ഉച്ചഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

തമിഴ്‌നാട്ടിലെ സ്‌കൂളിലെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ച സ്‌കൂളിലെ മുന്‍ പാചകത്തൊഴിലാളിയുടെ ഭര്‍ത്താവ് അറസ്റ്റില്‍. തമിഴ്‌നാട് ഈറോഡിലാണ് സംഭവം. ഈറോഡ് സ്വദേശി ബി അറുമുഖം ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ആലമ്മാള്‍ സ്‌കൂള്‍ പാചകത്തൊഴിലാളിയായി പ്രവര്‍ത്തിച്ചിരുന്നു.
ആലമ്മാളിനെ അടുത്തിടെ സ്‌കൂളില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയിലാണ് പ്രഭാത ഭക്ഷണത്തോടൊപ്പം നല്‍കിയ സാമ്പാറില്‍ വിഷം കലര്‍ത്താന്‍ ശ്രമിച്ചത്. ഇതിനായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സഹായം തേടി. കുട്ടിക്ക് പുതിയ വസ്ത്രം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് കുറ്റകൃത്യം ചെയ്യിച്ചത്.
കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുന്നതിന് മുന്‍പ് അദ്ധ്യാപകര്‍ രുചിച്ച് നോക്കേണ്ടതുണ്ട്. ഭക്ഷണം കഴിച്ചുനോക്കിയ അദ്ധ്യാപികയ്ക്ക് സംശയം തോന്നിയതോടെയാണ് വിവരം പുറത്തുവന്നത്. അദ്ധ്യാപികയ്ക്കായി മാറ്റിവച്ച പാത്രത്തിലാണ് വിദ്യാര്‍ത്ഥിനി വിഷം കലര്‍ത്തിയത്. കുട്ടിയുടെ കയ്യില്‍ മഞ്ഞനിറം കണ്ടതോടെ നടത്തിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























