സെക്കന്‍ഡ് തുറിച്ചുനോട്ടം ഋഷിരാജ് സിംഗിന് പാകിസ്താനില്‍ നിന്നും പിന്തുണ

മലയാളികളെ തള്ളി പാക്ക് വനിത. സ്ത്രീകളെ 14 സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചുനോക്കുന്നത് കുറ്റകരമാണെന്ന എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെ പിന്തുണച്ചുകൊണ്ട് പാകിസ്താന്‍ പത്രമായ ദ ഡോണില്‍ ലേഖനം. നിയമവിദഗ്ധയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ റാഫിയ സക്കറിയയാണ് ഋഷിരാജ് സിംഗിനെ പിന്തുണച്ച് രംഗത്തെത്തിയത്.
രാഷ്ട്രീയമോ, മതപരമോ, വംശീയമായോ ആയ ഭിന്നതകള്‍ നിലനില്‍ക്കുമ്പോഴും ഉപഭൂഖണ്ഡത്തിലെ പുരുഷന്‍മാരെ ഒന്നിപ്പിക്കുന്ന പശയാണ് തുറിച്ചുനോട്ടമെന്ന് റാഫിയ ലേഖനത്തില്‍ പറയുന്നു. സ്ത്രീകളെ തുറിച്ചുനോക്കുന്ന കാര്യത്തില്‍ പാകിസ്താനിലെ പുരുഷന്മാരും ഒട്ടും പിന്നിലല്ല. ബാലികയോ, യുവതിയോ, വൃദ്ധയോ, ധനികയോ, ദരിദ്രയോ ആരുമാകട്ടെ തുറിച്ചുനോട്ടത്തിന്റെ നിരവധി കഥകളാകും അവര്‍ക്ക് പറയാനുണ്ടാകുക. ബസ്, സ്‌കൂള്‍, റസ്‌റ്റോറന്റ്, ബാങ്ക്, പാര്‍ക്ക് എന്തിനേറെ തൊഴിലിടങ്ങളില്‍ പോലും പാകിസ്താനിലെ സ്ത്രീകള്‍ തുറിച്ചുനോട്ടത്തിന് ഇരകളാണ്.
ഋഷിരാജ് സിംഗിന്റെ പ്രസ്താവനയെച്ചൊല്ലി ഇന്ത്യയില്‍ നിരവധി സംവാദങ്ങളാണ് നടന്നത്. 14 സെക്കന്‍ഡില്‍ കൂടുതല്‍ തുറിച്ചുനോക്കി എന്നതിന് ഒരാളെ ശിക്ഷിക്കാന്‍ നിയമമില്ല എന്നുവരെ നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഋഷിരാജ് സിംഗിന്റെ പ്രസ്താവന രസകരവും വിപ്ലവകരവുമായ ഒന്നാണെന്നും റാഫിയ സക്കറിയ ലേഖനത്തില്‍ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Malayalivartha
























