അമ്മൂമ്മക്കൊരു പൊന്നുമ്മ.. അമ്മൂമ്മയെങ്കിലും ഉണ്ടല്ലോ മാനം കാക്കാന്‍... വാന്‍കുവറില്‍ നിന്നും ഇന്ത്യക്ക് ഒരു 100 മീറ്റര്‍ സ്വര്‍ണം; കാണികള്‍ ഒരുമിച്ച് കൈയടിച്ച് 100 വയസ്സുകാരിക്ക് ആദരവ് അര്‍പ്പിച്ചു

പ്രായത്തെയും ഇന്ത്യയിലെ യുവാക്കളെയും വെല്ലുവിളിച്ച് ഒരു കിടു അമ്മൂമ്മയാണ് ഇപ്പോള്‍ ഹീറോ.
100ാം വയസ്സിലും ഇന്ത്യക്കുവേണ്ടി മെഡലുകള്‍ കൊയ്തുകൂട്ടുകയാണ് ഈ മുതുമുത്തശ്ശി. വാന്‍കുവറില്‍ നടന്ന അമേരിക്കന്‍ മാസ്‌റ്റേഴ്‌സ് മീറ്റില്‍ 100 മീറ്റര്‍ സ്പ്രിന്റിലും ജാവലിനിലും ഷോട്ട്പുട്ടിലും മന്‍ കൗറാണ് സ്വര്‍ണമെഡല്‍ നേടിയത്.
കാണികളുടെ വിസ്മയത്തിന് പാത്രമായാണ് മന്‍ കൗര്‍ സ്വര്‍ണത്തിലേക്ക് ഓടിക്കയറിയത്. ഉസൈന്‍ ബോള്‍ട്ട് 10 സെക്കന്‍ഡില്‍ത്താഴെ ഫിനിഷ് ചെയ്യുന്ന 100 മീറ്റര്‍ ഓടിത്തീര്‍ക്കാന്‍ മന്‍ കൗറിന് ഒരുമിനിറ്റും 21 സെക്കന്‍ഡും വേണ്ടിവന്നെങ്കിലും സ്വര്‍ണം അവര്‍ കൈവിട്ടില്ല. മാസ്‌റ്റേഴ്‌സ് മീറ്റില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം ചെന്ന അത്‌ലറ്റാണവര്‍. അവരുടെ വിഭാഗത്തില്‍ മത്സരിക്കാന്‍ പോലും വേറെ എതിരാളികളുണ്ടായിരുന്നില്ല.
30 വയസ്സിനുമേല്‍ പ്രായമുള്ള ആര്‍ക്കും മ്ത്സരിക്കാവുന്ന മാസ്‌റ്റേഴ്‌സ് മീറ്റില്‍ കൗര്‍ അത്ഭുത താരമാണ്. ഓരോയിനത്തിലും ജയിക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജം കൈവരിക്കുകയാണ് മന്‍ കൗറെന്ന് 78കാരനായ മകന്‍ ഗുര്‍ദേവ് സിങ് പറയുന്നു. മെഡലുകള്‍ നേടുന്നതാണ് മന്‍ കൗറിനെ ആഹ്ലാദിപ്പിക്കുന്ന ഘടകം.
93ാം വയസ്സിലാണ് മന്‍ കൗര്‍ ട്രാക്കിലിറങ്ങിയത്. അതിന് പിന്നില്‍ മകന്‍ ഗുര്‍ദേവിന്റെ പ്രോത്സാഹനമായിരുന്നു. കാല്‍മുട്ടിനോ ഹൃദയത്തിനോ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ മത്സരിക്കാന്‍ താന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ഗുര്‍ദേവ് പറഞ്ഞു. ഗുര്‍ദേവും ഗെയിംസില്‍ മത്സരിക്കുന്നുണ്ട്.
ലോകത്തിന്റെ പല ഭാഗങ്ങളിലായി നടന്ന മാസ്‌റ്റേഴ്‌സ് മീറ്റുകളില്‍നിന്ന് 20ലേറെ മെഡലുകള്‍ മന്‍ കൗര്‍ നേടിയിട്ടുണ്ട്. ചണ്ഡീഗഢിലെ വീട്ടിലാണ് പരിശീലനം. എല്ലാ ദിവസവും അഞ്ചോ പത്തോ തവണ ഓടി പരിശീലിക്കാന്‍ ഇന്നും ഒരു കുഴപ്പവുമില്ലെന്നും ഗുര്‍ദേവ് പറഞ്ഞു. സമീപത്തുള്ള മറ്റ് പ്രായം ചെന്നവരെയും ട്രാക്കിലിറങ്ങാന്‍ അവര്‍ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇതല്ലേ ഹീറോയിസം..ട്രാക്ക് തന്നെ കൊതിപ്പിക്കുന്നു എന്നാണ് അമ്മൂമ്മയുടെ കമന്റ്.
https://www.facebook.com/Malayalivartha
























