പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ യുവാവ് വെട്ടിക്കൊന്നു; സംഭവം പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ: കൊലപാതകം വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ

പ്രണയാഭ്യര്‍ഥന നിരസിച്ച അധ്യാപികയെ പള്ളിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. തൂത്തുക്കുടി ശാന്തി റോഡിലെ സെന്റ് പീറ്റേഴ്‌സ് ചര്‍ച്ചില്‍ രാവിലെ എട്ടരയോടെയാണ് സംഭവം. പള്ളിയോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ അധ്യാപികയായ എന്‍. ഫ്രാന്‍സിനയാണ് (24) കൊല്ലപ്പെട്ടത്. പ്രതിയായ ജെ. കീഗന്‍ ജോസ് ഗോമസിനെ (27) സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടത്തെി.
രാവിലെ മുതല്‍ പള്ളി പരിസരത്ത് പതുങ്ങിനിന്നിരുന്ന കീഗന്‍ യുവതിയെ അരിവാള്‍കൊണ്ട് വെട്ടുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയവര്‍ ഫ്രാന്‍സിനയെ തൂത്തുക്കുടി മെഡിക്കല്‍ കോളേജിലത്തെിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. പള്ളിയിലെ രണ്ട് ക്യാമറകളില്‍നിന്ന് ശേഖരിച്ച ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തൂത്തുക്കുടി സൗത്ത് സ്‌റ്റേഷന്‍ പൊലീസ് ജോസ് ഗോമസിനെ തേടി മാരകുടി സ്ട്രീറ്റിലെ വീട്ടിലത്തെിയപ്പോഴാണ് ഇയാളെ മരിച്ചനിലയില്‍ കണ്ടത്തെിയത്.
സെപ്തംബര്‍ ആദ്യ ആഴ്ച ഫ്രാന്‍സിനയുടെ വിവാഹം നടക്കേണ്ടതായിരുന്നു. വിവാഹത്തെത്തുടര്‍ന്ന് ജോലി രാജിവച്ച ഫ്രാന്‍സിന ബുധനാഴ്ചയോടെ സ്‌കൂള്‍ വിടാനിരിക്കുകയായിരുന്നു. പ്രണയാഭ്യര്‍ഥനയുമായി ഇയാള്‍ ആറുമാസമായി ഫ്രാന്‍സിനക്ക് പിന്നാലെയായിരുന്നെന്ന് സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. വിവാഹം തീരുമാനിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























