അയോദ്ധ്യയില്‍ മുസ്ലീംപള്ളി പുനര്‍നിര്‍മ്മിക്കുന്നു

ഇന്ത്യ മുഴുവന്‍ വന്‍ സംഘര്‍ഷം ഉയര്‍ത്തിവിട്ട ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ട സംഭവത്തിന്റെ മുറിവ് ഉണങ്ങിയെന്ന് പറയാറായിട്ടില്ല. എന്നാല്‍ അതേ അയോദ്ധ്യയില്‍ നിന്നു തന്നെ മതസൗഹാര്‍ദ്ദത്തിന്റെ മറ്റൊരു വാര്‍ത്ത പുറത്തുവരുന്നു. അവിടെയുള്ള 300 വര്‍ഷം പഴക്കമുള്ള മോസ്‌ക്ക് പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അയോദ്ധ്യയിലെ ഒരു ക്ഷേത്രമാണ് വാര്‍ത്തയില്‍ നിറയുന്നത്. അയോദ്ധ്യയിലെ പഴകി ദ്രവിച്ച മോസ്‌ക്ക് പുനര്‍നിര്‍മ്മിക്കാന്‍ മുന്നോട്ടുവന്ന അവിടത്തെ ഹനുമന്‍ഗര്‍ ക്ഷേത്രമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
ക്ഷേത്രത്തോട് ചേര്‍ന്ന് കിടക്കുന്ന അലാംഗിരി മസ്ജിദ് പുനര്‍നിര്‍മ്മിക്കാന്‍ ക്ഷേത്രം അധികാരികള്‍ സമ്മതിച്ചു. മസ്ജിദ് അപകടാ വസ്ഥയിലാണെന്ന് കാണിച്ച് പ്രവേശനം നിഷേധിച്ചുകൊണ്ട് പ്രാദേശിക ഭരണകൂടം നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് മസ്ജിദ് പുതുക്കിപ്പണിയാന്‍ ക്ഷേത്രം അധികാരികള്‍ തന്നെ രംഗത്ത് വന്നത്. നിര്‍മ്മാണ ചെലവ് വഹിക്കാനും പരിസരത്ത് മുസ്ലീങ്ങളെ നിസ്‌ക്കരിക്കാനും അനുവദിച്ചിട്ടുണ്ട്. ക്ഷേത്രം വക ഭൂമിയിലാണ് മസ്ജിദ് നിലനില്‍ക്കുന്നത്. തീരുമാനത്തെ ഇസ്ലാമിക സമൂഹവും സ്വാഗതം ചെയ്തിട്ടുണ്ട്.
പതിനേഴാം ശതകത്തില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബായിരുന്നു അലാംഗിരി മസ്ജിദ് നിര്‍മ്മിച്ചത്. 1765-ല്‍ നവാബ് ഷുജാവുദ് ദൗള മുസ്ലീങ്ങളെ നമാസ് ചെയ്യാന്‍ അനുവദിക്കണമെന്ന നിബന്ധനയില്‍ മസ്ജിദ് സ്ഥിതി ചെയ്തിരുന്ന അര്‍ഗറ എന്ന് വിളിച്ചിരുന്ന ഇവിടം ഹനുമന്‍ഗര്‍ ക്ഷേത്രത്തിന് സംഭാവന ചെയ്യുകയായിരുന്നു.
എന്നാല്‍ കാലാനുസൃതമായ നവീകരണം സാധ്യമാകാതെ അപകടാവസ്ഥയില്‍ ആയതോടെ ആള്‍ക്കാര്‍ ഇവിടെ നമാസിന് എത്താതായി. തുടര്‍ന്ന് അടുത്തകാലത്ത് അയോദ്ധ്യ മുനിസിപ്പല്‍ ബോര്‍ഡ് പ്രവേശനം നിഷേധിച്ചുകൊണ്ട് നോട്ടീസ് പതിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്തിടെ പ്രദേശത്തെ ഒരുകൂട്ടം മുസ്ലീങ്ങള്‍ ഷേത്രത്തിലെ പ്രധാന പൂജാരിയുമായി കൂടിക്കാഴ്ച നടത്തുകയും മസ്ജിദിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അനുവാദം തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കൂടിക്കാഴ്ച മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമ മാതൃകയായി മാറുകയായിരുന്നു.
അവധിലെ നവാബായ ഷൂജാ ഊദ് ദൗള ബക്‌സര്‍ യുദ്ധത്തിന് ശേഷം തലസ്ഥാനം ഫൈസാബാദില്‍ നിന്നും ലക്‌നൗവിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ക്ഷേത്ര നിര്‍മ്മാണ ആവശ്യവുമായി തന്നെ സമീപിച്ചവര്‍ക്ക് ഔറംഗസേബിന്റെ കാലത്ത് പണികഴിപ്പിച്ച മസ്ജിദ് ഉള്‍പ്പെടുന്ന ഭൂമി ഹനുമര്‍ഗര്‍ഹി ക്ഷേത്രം പണിയാന്‍ നവാബ് വിട്ടുകൊടുക്കുകയായിരുന്നെന്നാണ് ചരിത്രകാരന്മാരുടെ വാദം.
https://www.facebook.com/Malayalivartha
























