സ്‌കാറ്റ്‌സാറ്റ്-1 വിക്ഷേപണം 26ന്; ഒരേ ദൗത്യത്തില്‍ ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യ പിഎസ്എല്‍വി സംരംഭം

കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടിയുള്ള സ്‌കാറ്റ്‌സാറ്റ്-1 ഉള്‍പ്പെടെ എട്ട് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി 35, 26നു വിക്ഷേപിക്കും. രാവിലെ 9.12നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണു വിക്ഷേപണം.
ഒരേ ദൗത്യത്തില്‍ ഉപഗ്രഹങ്ങളെ രണ്ടു വ്യത്യസ്ത ഭ്രമണപഥത്തില്‍ എത്തിക്കുന്നുവെന്നതാണു പിഎസ്എല്‍വി സി 35 വിക്ഷേപണത്തിന്റെ പ്രത്യേകത. ഇത്തരത്തിലുള്ള ആദ്യ പിഎസ്എല്‍വി ദൗത്യമാണിത്.
പിഎസ്എല്‍വിയുടെ ഏറ്റവും കൂടുതല്‍ നേരം നീണ്ടുനില്‍ക്കുന്ന ദൗത്യവുമാകുമിത്. വിക്ഷേപിച്ചു രണ്ടു മണിക്കൂറും 15 മിനിറ്റുമെടുത്താണു പിഎസ്എല്‍വി സി 35 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക. ഓഷ്യന്‍സാറ്റ്-2ന്റെ തുടര്‍ച്ചയായുള്ളതാണു സ്‌കാറ്റ്‌സാറ്റ്-1 ഉപഗ്രഹം. കാലാവസ്ഥാ നിരീക്ഷണം, കാറ്റിന്റെ ദിശ മനസ്സിലാക്കി ചുഴലിക്കാറ്റുകള്‍ മുന്‍കൂട്ടി പ്രവചിക്കുക തുടങ്ങിയവയാണു സ്‌കാറ്റ്‌സാറ്റിന്റെ ലക്ഷ്യം.
377 കിലോയാണു ഭാരം. ഇതോടൊപ്പം, ഐഐടി ബോംബെയും ബെംഗളൂരുവിലെ പെസ് സര്‍വകലാശാലയും വികസിപ്പിച്ച ചെറു ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നുണ്ട്. അല്‍ജീറിയ, കാനഡ, യുഎസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതാണു മറ്റ് അഞ്ച് ഉപഗ്രഹങ്ങള്‍.
https://www.facebook.com/Malayalivartha


























