മുംബൈയില്‍ കണ്ട ആയുധധാരിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു

മുംബൈയില്‍ കണ്ടെന്ന് പറയപ്പെടുന്ന അജ്ഞാതരായ തോക്കുധാരകിളില്‍ ഒരാളുടെ രേഖാചിത്രം മുംബൈ പൊലീസ് പുറത്തുവിട്ടു. നീണ്ട മുഖവും നിറയെ പിന്‍കഴുത്തോളം മുടിയുമുള്ള ഒരാളുടെ രേഖാചിത്രമാണ് പൊലീസ് പറത്തുവിട്ടത്.
ഉറാന്‍ നാവികസേന ആസ്ഥാനത്തിന് സമീപം ചിലരെ കണ്ടെന്ന സംശയത്തില്‍ സുരക്ഷാസേന നടത്തുന്ന തെരച്ചില്‍ ഇന്നും തുടരുകയാണ്. മഹാരാഷ്ട്ര പൊലീസും ഭീകരവിരുദ്ധ സേനയും നാവിക സേനയുമാണ് തെരച്ചില്‍ നടത്തുന്നത്. ഇതുവരെ ഒരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണ് ഒരാളുടെ രേഖാചിത്രം പൊലീസ് തയ്യാറാക്കിയത്.
20 വയസില്‍ താഴെ മാത്രം പ്രായമുള്ള മെലിഞ്ഞ ഒരാളുടെ ചിത്രമാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ളത്. സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാല്‍ വിവരം ഉടന്‍ അറിയിക്കണമെന്ന് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തോക്കുധാരികളെ കണ്ടുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം മുംബൈയിലെങ്ങും തീരമേഖലയിലുള്‍പ്പെടെ കനത്ത ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇന്നലെ രാവിലെ പത്തോടെ പത്താന്‍ സ്യൂട്ട് ധരിച്ച അഞ്ചോ ആറോ പേരടങ്ങുന്ന തോക്കുധാരികളായ സംഘത്തെ കണ്ടുവെന്ന് ഉറാനിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിദ്യാലയ അധികൃതരെ അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ പൊലീസിന് വിവരം കൈമാറിയതിനെ തുടര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
ദിവസങ്ങള്‍ക്കു മുമ്പ് കാശ്മീരിലെ ഉറി സൈനിക ആസ്ഥാനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 18 സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. മുംബൈ, നവി മുംബൈ, താണെ, റൈഗാര്‍ഡ് തീരമേഖല എന്നിവിടങ്ങളിലാണ് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയത്. പശ്ചിമ ഇന്ത്യയിലെ ഏറ്റവും വലിയ നേവല്‍ബേസ്, ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍, റിഫൈനറീസ്, രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ പോര്‍ട്ട് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം ഉറാന്‍ നാവികസേന ആസ്ഥാനത്തിനു സമീപത്താണ്.
https://www.facebook.com/Malayalivartha


























